‘പത്തനംതിട്ടയിൽ ഇന്ന് രാത്രി മിന്നൽ പ്രളയത്തിന് സാധ്യത; ജനങ്ങളെ മാറ്റിപാർപ്പിക്കും’; മന്ത്രി പി സി വിഷ്ണുനാഥ്

പത്തനംതിട്ട ജില്ലയിൽ ഇന്ന് രാത്രി മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കും. ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വെള്ളപ്പൊക്ക ഇരകൾക്ക് ഉളള നഷ്ടപരിഹാരം അടുത്ത മന്ത്രി സഭ യോഗം പ്രഖ്യാപിക്കും. പമ്പയിൽ അതിതീവ്ര വെള്ളപ്പൊക്കമെന്ന മുന്നറിയിപ്പ് കിട്ടിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പത്തനംതിട്ടയിൽ സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കമെന്ന സിപിഐഎം ആരോപണം അടിസ്ഥാന രഹിതമെന്ന് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. മൂഴിയാറിലേത് പെട്ടെന്ന് തുറക്കേണ്ട ഡാമാണ്. റൂൾ കർവ് ബാധകമല്ലെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസുകാരെ കൂട്ടി അവലോകന യോഗം നടത്തിയെന്ന സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന്റെ ആരോപണം സങ്കടപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. മണിയാർ അടയ്ക്കാൻ ഗേറ്റുകൾ പോലുമില്ല. രണ്ടര വർഷമായി തുറന്നിട്ടിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുൻ സർക്കാരിന്റെ വീഴ്ചയാണെന്ന് അദേഹം കുറ്റപ്പെടുത്തി. അടിയന്തരമായി പണികൾ പൂർത്തിയാക്കേണ്ട സാഹചര്യമുണ്ട്. പ്രളയസാഹചര്യം കഴിഞ്ഞാൽ ഉടൻ തിരുവനന്തപുരത്ത് ഉന്നതല യോഗം വിളിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞദിവസം പെയ്ത കനത്ത മഴയ്ക്ക് നേരിയ ശമനം ഉണ്ടായതോടെ പത്തനംതിട്ടയിലെ ആറന്മുളയിലും പരിസരപ്രദേശങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങി. എന്നാൽ നിരവധി വീടുകളും റോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ആകാശം തെളിഞ്ഞെങ്കിലും ആറന്മുളയിൽ ആശങ്കയുടെ കാർമേഘം ഒഴിയുന്നില്ല. റോഡുകളിൽ കയറിയ വെള്ളം മെല്ലെ ഇറങ്ങിത്തുടങ്ങിയെങ്കിലും. പല വീടുകളും വെള്ളത്തിനടിയിലാണ്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള ഒട്ടുമിക്ക വീടുകളും വെള്ളത്തിലാണ്.

പത്തനംതിട്ട ജില്ലയിൽ ഇന്നലെ മുടങ്ങിയ വൈദ്യുതി പുനസ്ഥാപിക്കാനുള്ള ഇടപെടൽ കെഎസ്ഇബി തുടങ്ങി. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശബരിമലയിലേക്ക് ഭക്തരെ കാലാവസ്ഥ അനുകൂലമായാൽ മാത്രമേ കടത്തിവിടൂ. ഉൾവനത്തിൽ മഴ പെയ്യുന്നില്ലെങ്കിലും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. ശബരിമലയിലേക്ക് വരുന്ന ഭക്തരെ നിലക്കലിൽ തടയും. കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് മറ്റുകാര്യങ്ങൾ തീരുമാനിക്കുമെന്നും പോലീസ് അറിയിച്ചു.
