കുട്ടിസഖാവിന്റെ അക്കൗണ്ട് മെറ്റ നീക്കം ചെയ്തു; സർക്കാരിനെതിരെ തിരിഞ്ഞ് സിപിഎം നേതാക്കൾ
മെറ്റാ നടപടിയെ ചൊല്ലി രാഷ്ട്രയ വിവാദം മുറുകുന്നു


തിരൂർ: മലപ്പുറം വെട്ടം പച്ചാട്ടിരി സ്വദേശിയായ മുഹമ്മദ് സിയാനും ബാലസംഘം പ്രവർത്തകരായ കൂട്ടുകാരും ചേർന്ന് പുറത്തിറക്കിയ വൈറൽ വീഡിയോയ്ക്ക് പിന്നാലെ ‘കുട്ടി സഖാവ്’ എന്ന ഇൻസ്റ്റാഗ്രാം പേജ് മെറ്റ നീക്കം ചെയ്തത് പുതിയ രാഷ്ട്രീയ സൈബർ വിവാദങ്ങൾക്ക് തിരികൊളുത്തി. സംഭവം രാഷ്ട്രീയ ആയുധമാക്കി ഇടത് നേതാക്കൾ രംഗത്തെത്തിയതോടെ വിഷയം ചർച്ചയായിരിക്കുകയാണ്.
’സഖാക്കളേ എന്താ പാട്.. സുഖമല്ലേ’ എന്ന് ചോദിച്ചുകൊണ്ട് തിരൂർ വെട്ടം പച്ചാട്ടിരി ബാലസംഘം ഹെൽത്ത് സെന്റർ യൂണിറ്റിലെ കുട്ടികൾ ചേർന്ന് പങ്കുവെച്ച വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് 25 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി തരംഗമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ ‘ലാൽസലാം’ കമന്റുമായി കുട്ടികൾക്ക് പ്രോത്സാഹനവുമായെത്തിയിരുന്നു. എന്നാൽ, വലിയ സ്വീകാര്യത ലഭിച്ചതിന് തൊട്ടുപിന്നാലെ പേജ് മെറ്റ സസ്പെൻഡ് ചെയ്യുകയായിരുന്നു.

പേജ് പൂട്ടിച്ചതിൽ വ്യക്തമായ വിശദീകരണം വേണമെന്നും, സർക്കാരുകളുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് സോഷ്യൽ മീഡിയയിലെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടരുതെന്നും ആവശ്യപ്പെട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പരസ്യമായി പ്രതികരിച്ചു. കൂടാതെ, ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് സെക്രട്ടറി സുമിത്തിന്റെ നേതൃത്വത്തിലുള്ള നേതാക്കൾ കുട്ടികളെ നേരിൽക്കണ്ട് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മുൻമന്ത്രിയും സിപിഎം നേതാവുമായ മുഹമ്മദ് റിയാസ് കുട്ടികളെ വീഡിയോ കോൾ ചെയ്ത് ഐക്യദാർഡ്യം അറിയിക്കുകയും ചെയ്തു.
എന്നാൽ, ഇതിനുപിന്നിൽ രാഷ്ട്രീയ ഇടപെടലുകളാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഉയരുമ്പോഴും മെറ്റയുടെ കർശനമായ നയങ്ങളാണ് പേജ് പൂട്ടാൻ കാരണമായതെന്ന വസ്തുതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതിന് കുറഞ്ഞത് 13 വയസ്സ് പൂർത്തിയായിരിക്കണം. കുട്ടികളുടെ പേരിൽ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അക്കൗണ്ട് നീക്കം ചെയ്യപ്പെടാം. പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷയ്ക്കായി മെറ്റ ഏർപ്പെടുത്തിയിട്ടുള്ള ‘ടീൻ അക്കൗണ്ട്’ നിബന്ധനകളും പാരന്റൽ കൺട്രോൾ നിയമങ്ങളും പാലിക്കാത്തതാണ് സാങ്കേതികമായി അക്കൗണ്ട് നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. പുനഃസ്ഥാപിക്കുന്നതിനായി കുട്ടിയുടെ രക്ഷിതാക്കൾ മെറ്റയ്ക്ക് അപ്പീൽ നൽകിയിട്ടുണ്ട്. സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ മറികടന്നുള്ള സൈബർ നടപടിയെ രാഷ്ട്രീയ പോരാട്ടമാക്കി മാറ്റുന്നതിനെതിരെയും നിരീക്ഷണങ്ങൾ ഉയരുന്നുണ്ട്.
