കോട്ടക്കലിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ വൻ തീ പിടിത്തം: സ്കൂട്ടറും രണ്ട് കാറുകളും കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം

കോട്ടക്കൽ: ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഈസ്റ്റ് വില്ലൂരിൽ വൻ തീപിടിത്തം. അപകടത്തിൽ ഇലക്ട്രിക് സ്കൂട്ടർ പൂർണമായും സമീപത്തുണ്ടായിരുന്ന രണ്ട് കാറുകൾ ഭാഗികമായും കത്തിനശിച്ചു. തീ പടർന്ന് വീടിനും ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആളപായമില്ല.

ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് വെച്ച് ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പെട്ടെന്ന് ഷോർട്ട് സർക്യൂട്ടുണ്ടാവുകയും സ്കൂട്ടറിലേക്ക് തീ പടരുകയുമായിരുന്നു. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലേക്കും വീടിന്റെ ഭാഗങ്ങളിലേക്കും വ്യാപിച്ചു.
തീ ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരും അയൽവാസികളും ചേർന്ന് സമയോചിതമായി പ്രാഥമിക രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് വിവരമറിഞ്ഞ് മഞ്ചേരിയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സംയുക്ത പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണയ്ക്കാനായത്. സന്ദർഭോചിതമായ ഇടപെടൽ കാരണം കൂടുതൽ ഇടങ്ങളിലേക്ക് തീ പടരാതെ വൻ ദുരന്തം ഒഴിവായി.

