Main Banner

നായർതോട് പാലം വഴി പൊന്നാനി-കോഴിക്കോട് തീരദേശ കെ.എസ്.ആർ.ടി.സി ; സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു

തിരൂർ: നായർതോട് പാലം വഴിയുള്ള തീരദേശ പാതയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പൊന്നാനിയിൽ നിന്ന് കോഴിക്കോട്ടേക്ക് കെ.എസ്.ആർ.ടി.സി ടൗൺ ടു ടൗൺ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ തീരദേശ പാതയിലൂടെ കോഴിക്കോട്ടേക്ക് നേരിട്ടുള്ള കെഎസ്ആർടിസി സർവീസ് ഇല്ലാത്ത സാഹചര്യത്തിലാണ് പുതിയ സർവീസിനായുള്ള ആവശ്യമുയരുന്നത്.

1 st paragraph

തീരദേശ പാതയിലൂടെ കോഴിക്കോട്ടേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കുന്നതിനുള്ള ആവശ്യം താനൂർ എം.എൽ.എ പി.കെ. നവാസിന്റെ പരിഗണനയിലുണ്ട്. കൂടുതൽ പ്രദേശങ്ങളിലെ യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സർവീസ് പൊന്നാനിയിൽ നിന്ന് ആരംഭിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.പൊന്നാനി–ചമ്രവട്ടം പാലം–കാവിലക്കാട്–നായർതോട് പാലം–കൂട്ടായി–ഉണ്ണിയാൽ–താനൂർ–പരപ്പനങ്ങാടി–കടലുണ്ടിക്കടവ്–ചാലിയം–ഫറോക്ക് വഴി കോഴിക്കോട് എത്തുന്ന രീതിയിൽ സർവീസ് ക്രമീകരിക്കണമെന്നാണ് ആവശ്യം.പൊന്നാനിയിൽ നിന്ന് സർവീസ് ആരംഭിക്കുന്നതിലൂടെ നിലവിൽ കോഴിക്കോട്ടേക്ക് നേരിട്ടുള്ള പൊതുഗതാഗത സൗകര്യമില്ലാത്ത നായർതോട്, കൂട്ടായി, താനൂർ ഉൾപ്പെടെയുള്ള തീരദേശ പ്രദേശങ്ങളിലെ യാത്രക്കാർക്ക് പുറമെ പുറത്തൂർ, കാവിലക്കാട് ഭാഗങ്ങളിലെ യാത്രക്കാർക്കും ഒരുപോലെ പ്രയോജനം ലഭിക്കും. ഇതിൽ നായർതോട് പാലം പ്രധാന കണ്ണിയായി മാറും. പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ പ്രവൃത്തികൾ പൂർണമായും പൂർത്തിയായിട്ടില്ലെങ്കിലും നിലവിൽ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. ഇതോടെ തീരദേശ പാതയിലൂടെ വലിയ വാഹന ഗതാഗതത്തിനുള്ള സാധ്യത ഇതിനകം തന്നെ പ്രകടമായിരിക്കുകയാണ്.പുലർച്ചെ പൊന്നാനിയിൽ നിന്ന് ആരംഭിക്കുന്ന രീതിയിൽ സർവീസ് ക്രമീകരിച്ചാൽ കോഴിക്കോട്ടേക്ക് വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് ഏറെ പ്രയോജനപ്പെടും. പ്രത്യേകിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി പോകുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുലർച്ചെയുള്ള നേരിട്ടുള്ള സർവീസ് വലിയ ആശ്വാസമാകും.വിദ്യാർഥികൾ, ജീവനക്കാർ, വ്യാപാരികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി ദിവസേന യാത്ര ചെയ്യുന്ന നിരവധി വിഭാഗങ്ങൾക്കും സർവീസ് പ്രയോജനപ്പെടും.

നിലവിൽ ഒന്നിലധികം ബസുകളെ ആശ്രയിച്ച് യാത്ര ചെയ്യേണ്ടി വരുന്നവർക്ക് നേരിട്ടുള്ള പൊതുഗതാഗത സൗകര്യം ലഭിക്കുകയും ചെയ്യും.നായർതോട് പാലം ഉൾപ്പെടെയുള്ള പുതിയ ഗതാഗത അടിസ്ഥാനസൗകര്യങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി പൊന്നാനിയിൽ നിന്ന് തീരദേശ പാതയിലൂടെ കോഴിക്കോട്ടേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണമെന്ന ആവശ്യം ബന്ധപ്പെട്ട അധികാരികളുടെ സജീവ പരിഗണനയിൽ വരണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.പൊന്നാനി മുതൽ കോഴിക്കോട് വരെയുള്ള തീരദേശ മേഖലകളെ നേരിട്ട് ബന്ധിപ്പിക്കുന്ന ഈ സർവീസ് യാഥാർഥ്യമാകുന്നത് പൊതുഗതാഗത രംഗത്ത് ഈ പ്രദേശത്തിന് പുതിയൊരു മുന്നേറ്റമാകുമെന്നാണ് പ്രതീക്ഷ.

2nd paragraph