പണം തട്ടിയെടുത്ത് തലയ്ക്കടിച്ച് കൊന്നു, മരണം ഉറപ്പാക്കി മുങ്ങി; മഞ്ചേരിയിലെ വയോധികന്റെ മരണം കൊലപാതകം; പ്രതി പിടിയിൽ

മഞ്ചേരി: മഞ്ചേരി പഴയ ബസ് സ്റ്റാൻഡിന്റെ രണ്ടാം നിലയിൽ നിർമ്മാണത്തൊഴിലാളിയായ വയോധികനെ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ എടക്കര സ്വദേശി പാലക്കാതടത്തിൽ ജോബിനെ (29) മഞ്ചേരി പോലീസ് പിടികൂടി. കൊല്ലം സ്വദേശിയായ പ്രകാശൻ (70) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് പുതുക്കിപ്പണിത ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രകാശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മലപ്പുറം ഡിവൈ.എസ്.പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം (SIT) നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സംഭവം ഇങ്ങനെ:

വർഷങ്ങളായി മഞ്ചേരി പരിസരത്ത് താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു പ്രകാശൻ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, സംഭവദിവസം രാത്രി പ്രകാശന്റെ ഒപ്പമുണ്ടായിരുന്ന ജോബിനെക്കുറിച്ച് പോലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ നീക്കങ്ങൾക്കൊടുവിൽ തമിഴ്‌നാട്ടിലേക്ക് കടക്കാൻ തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പതിനെട്ടാം തീയതി രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ, നേരത്തെ പണവും മദ്യവും നഷ്ടപ്പെട്ടതിനെച്ചൊല്ലി തർക്കമുണ്ടായി. തുടർന്ന് പ്രതി പ്രകാശനെ മർദിക്കുകയും കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ച് ബിവറേജസിൽ നിന്ന് വീണ്ടും മദ്യം വാങ്ങി കഴിച്ച ശേഷം തിരിച്ചെത്തിയ ജോബിൻ, ഒഴിഞ്ഞ ബിയർ കുപ്പികൊണ്ട് പ്രകാശന്റെ തലയ്ക്കും മുഖത്തും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെയെത്തി മരണം ഉറപ്പാക്കിയ ശേഷമാണ് പ്രതി ഒളിവിൽ പോയത്.
മലപ്പുറം ഇൻസ്‌പെക്ടർ കെ. ഹരീഷ്, മഞ്ചേരി ഇൻസ്പെക്ടർ മനോജ് കെ. ഗോപി, എസ്.ഐ ബാലമുരുകൻ, എ.എസ്.ഐമാരായ ഫിറോസ്, മുഹമ്മദ് അലി, എസ്.ഐ.ടി അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, രഞ്ജിത്ത് രാജേന്ദ്രൻ, ജസീർ കെ.കെ, ബിജു വി.പി, ശ്രീജിത്ത് തിരുവാലി, തൗഫീഖ് മുബാറക്, ശ്രീജിത്ത് വി.കെ, ഉബൈദ്, സാലിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
