ഇക്വഡോര്‍ ദേശീയ ടീമിന്റെ കോച്ച് ആയി അര്ജന്റീനക്കാരന്; ലോക കപ്പിലടക്കം ടീമിന്റെ പ്രകടനം മെച്ചപ്പെടുമെന്ന് ഫെഡറേഷന്

ഇക്വഡോര്‍ ദേശീയ ടീം കോച്ച് ആയി അര്‍ജന്റീനക്കാരനായ മാര്‍സെലോ ഗാല്ലാര്‍ഡോയെ നിയമിച്ചതായി ഇക്വഡോര്‍ ഫുട്ബോള്‍ ഫെഡറേഷന് സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. 50-കാരനായ ഗാല്ലാര്‍ഡോ ഉറുഗ്വേയിലെ നാസിയോണല്‍, റിവര്‍ പ്ലേറ്റ്, അല്‍-ഇത്തിഹാദ് എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് അദ്ദേഹം ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്. റിവര്‍ പ്ലേറ്റിലായിരുന്ന കാലയളവില്‍ രണ്ട് കോപ്പ ലിബര്‍ട്ടഡോറസ് കിരീടങ്ങളും ഒരു ലീഗ് കിരീടവും മൂന്ന് കോപ്പ അര്‍ജന്റീന കിരീടങ്ങളും നേടാന്‍ അദ്ദേഹം ടീമിനെ നയിച്ചു. ഇതിന് പുറമെ മൂന്ന് തവണ ‘സൗത്ത് അമേരിക്കന്‍ കോച്ച് ഓഫ് ദ ഇയര്‍’ ആയും ഗാല്ലാര്‍ഡോ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ‘ഞങ്ങള്‍ക്ക് പ്രതിഭയും മികച്ച ഘടനയും വലിയ ലക്ഷ്യങ്ങളുമുണ്ട്; ഞങ്ങള്‍ സജ്ജരുമാണ്. ആളുകള്‍ വിശ്വസിക്കട്ടെ, കാരണം വിശ്വസിക്കാന്‍ അവര്‍ക്ക് മതിയായ കാരണങ്ങളുണ്ട്. സ്വാഗതം, മാര്‍സെലോ!’. മാര്‍സെലോ ഗാല്ലാര്‍ഡോയെ നിയമിച്ചു കൊണ്ട് ഇക്വഡോറിയന്‍ ഫുട്ബോള്‍ ഫെഡറേഷന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഇപ്രകാരമായിരുന്നു.

ഇക്കഴിഞ്ഞ ഫിഫ ലോക കപ്പില്‍ ഇക്വഡോറിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ആദ്യ മത്സരത്തില്‍ ഐവറി കോസ്റ്റുമായി ഒരു ഗോളിന് പരാജയപ്പെട്ട അവര്‍ തെക്കന്‍ കരീബിയന്‍ രാജ്യമായ കുറാകാവോയുമായി ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. എന്നാല്‍ കരുത്തരായ ജര്‍മ്മനിയോട് 2-1 സ്കോറില്‍ വിജയിച്ചപ്പോള്‍ ആ മത്സരം ജര്‍മ്മനിക്ക് ടൂര്‍ണമെന്റിന് പുറത്തേക്കുള്ള വഴിയായി. റൗണ്ട് 32 -ല്‍ എത്തിയെങ്കിലും കരുത്തരും മറ്റൊരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യവുമായ മെക്സിക്കോയുമായി 2-0 ത്തിന് തോറ്റ് പുറത്താവുകയായിരുന്നു ഇക്വഡോര്‍. ജര്‍മ്മനിയെ പരാജയപ്പെടുത്തിയതോടെ ലോക കപ്പില്‍ ചരിത്രം സൃഷ്ടിച്ചാണ് അര്ജന്റീനക്കാരന് തന്നെയായ പഴയ കോച്ച് സെബാസ്റ്റ്യന്‍ ബെക്കേസ് പടിയിറങ്ങുന്നത്.
