Main Banner

അഞ്ചാംപനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

ജില്ലയിൽ അഞ്ചാംപനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ലാ കളക്ടര്‍ ഡ‍ോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം തീരുമാനിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി എല്ലാ ഹെല്‍ത്ത് ബ്ലോക്കുകളിലും ഒരു മാസത്തെ പ്രത്യേക കർമപദ്ധതി തയ്യാറാക്കി നടപ്പിലാക്കാൻ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

1 st paragraph

വാക്സിനേഷൻ നിരക്ക് കുറഞ്ഞ സ്ഥലങ്ങളിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്ന് അടിയന്തര ഇടപെടലുകൾ നടത്തും. സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, ഹോമിയോ-ആയുർവേദ ക്ലിനിക്കുകള്‍ എന്നിവയെല്ലാം അഞ്ചാംപനി ലക്ഷണങ്ങളുള്ള കേസുകൾ അതത് പി.എച്ച്.സികള്‍ വഴി ആരോഗ്യ വകുപ്പില്‍ അറിയിക്കണം. വിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സജീവ പങ്കാളിത്തം പ്രതിരോധ പ്രവർത്തനങ്ങളിൽ ഉറപ്പാക്കും. സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള സ്കൂളുകളിൽ വാക്സിനേഷൻ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. അഞ്ചാംപനി വായുവിലൂടെ അതിവേഗം പകരുന്നതിനാൽ രോഗലക്ഷണങ്ങളുള്ള കുട്ടികളെ രോഗം പൂർണ്ണമായും ഭേദമാകുന്നതുവരെ യാതൊരു കാരണവശാലും സ്കൂളുകളിൽ അയക്കരുത്.

അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലും ട്രൈബൽ മേഖലകളിലും വാക്സിനേഷൻ പൂർണ്ണമായി ഉറപ്പാക്കാനും ഇതിനായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. വി. വിനോദ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.എം ജാനിഫ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി ഷുബിന്‍, വിവിധ വകുപ്പ്, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 

2nd paragraph