ഉപതിരഞ്ഞെടുപ്പ്: പോളിങ് സ്റ്റേഷനുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി


മലപ്പുറം ജില്ലയിൽ മങ്കട ഗ്രാമപഞ്ചായത്തിലെ കടന്നമണ്ണ (വാർഡ് നാല്), വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് മൂന്ന്), താനാളൂർ ഗ്രാമപഞ്ചായത്തിലെ മൂലക്കൽ (വാർഡ് ഒന്ന്), കാലടി ഗ്രാമപഞ്ചായത്തിലെ വെറൂർ (വാർഡ് 12) എന്നീ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ വാർഡുകളുടെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 28 ന് അവധിയായിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
പോളിങ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വോട്ടിങ്ങിന്റെ തലേ ദിവസമായ സെപ്റ്റംബർ 27 നും വോട്ടിങ് ദിവസമായ സെപ്റ്റംബർ 28 നും അവധിയായിരിക്കും. താനാളൂർ ഗ്രാമപഞ്ചായത്തിലെ വോട്ടെണ്ണൽ കേന്ദ്രമായി പ്രവർത്തിക്കുന്ന താനാളൂർ എസ്.എം.യു.പി. സ്കൂളിന് വോട്ടെണ്ണൽ ദിവസമായ സെപ്റ്റംബർ 29 നും പ്രാദേശിക അവധിയായിരിക്കും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയിലെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനായി സ്വന്തം പോളിങ് സ്റ്റേഷനിൽ പോയി വരുന്നതിന് സ്ഥാപന മേധാവികൾ അനുമതി നൽകണം. ഇതിനായി വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷ നൽകണം. എന്നാൽ പൊതു പരീക്ഷ നടക്കുന്ന സ്ഥാപനങ്ങൾക്ക് ഈ അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
