Main Banner

ലഹരിക്കെതിരെ ‘യുവശബ്ദം’ പ്രസംഗ മത്സരം സംഘടിപ്പിച്ചു

സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി എക്‌സൈസ് വിമുക്തി മിഷന്റെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത നേതൃത്വത്തില്‍ ലഹരിക്കെതിരെ മലപ്പുറം ജില്ലയിലെ കോളെജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. മലപ്പുറം ഗവണ്‍മെന്റ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു.

1 st paragraph

വിദ്യാര്‍ഥികള്‍ ലഹരി വസ്തുക്കളുടെ പിടിയില്‍ അകപ്പെടാതെ അവരെ സാമൂഹിക ഉത്തരവാദിത്വമുള്ള പൗരന്മാരായി വളര്‍ത്തുന്നതിനും ലഹരിമുക്ത സമൂഹത്തിനായി ശബ്ദമുയര്‍ത്തി ക്യാംപസുകളെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്‍ നിര പോരാളികള്‍ ആക്കി മാറ്റുന്നതിനുമായി എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിലാണ് ജില്ലയിലെ കോളെജ് വിദ്യാര്‍ഥികള്‍ക്കായി ‘യുവശബ്ദം 2026’ എന്ന പേരില്‍ ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചത്.

മലപ്പുറം ഗവണ്‍മെന്റ് കോളെജ് പ്രിന്‍സിപ്പല്‍ ഡോ. സൈനുല്‍ ആബിദ് കോട്ട അധ്യക്ഷത വഹിച്ചു. മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജിജു ജോസ് മുഖ്യസന്ദേശം കൈമാറി. കേരള എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് റെജി തോമസ് ആശംസകള്‍ നേര്‍ന്നു. ജില്ലയിലെ വിവിധ കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ മഞ്ചേരി യൂണിറ്റി വുമണ്‍സ് കോളേജിലെ ആദില ഷെറിന്‍ ഒന്നാം സ്ഥാനം നേടി. തവനൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പി.വി. മുഹമ്മദ് സാബിര്‍ രണ്ടാം സ്ഥാനവും മലപ്പുറം ഗവണ്‍മെന്റ് കോളേജിലെ പി. സജീഹ, വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജിലെ ഹനിന്‍ മുഹമ്മദ് ഷെരീഫ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000 വീതം ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും കൈമാറി. മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പ്രദീപ് റാവു സ്വാഗതവും പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. അബ്ദുള്‍ അഷ്‌റഫ് നന്ദിയും പറഞ്ഞു. എക്‌സൈസ് പ്രിവെന്റിവ് ഓഫീസര്‍ കെ.പി. സാജിദ്, വിമുക്തി മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി. ഷിജേഷ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

2nd paragraph