തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ജൈവവൈവിധ്യ ശിൽപ്പശാല ശ്രദ്ധേയമായി

തിരൂർ: മലയാള സർവകലാശാലയുടെയും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും സഹകരണത്തോടെ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ജൈവവൈവിധ്യ ശിൽപ്പശാല ശ്രദ്ധേയമായി. തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പരിസ്ഥിതി പഠന വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ശിൽപ്പശാല വൈസ് ചാൻസലർ പ്രൊഫ. സി. ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പഠന വിഭാഗം ഡയറക്ടർ ഡോ. വി. അരുൺ ബാബു അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മുജീബ് പൂളക്കൽ മുഖ്യഥിതി ആയിരുന്നു.

ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ, അധ്യാപകർ, പഞ്ചായത്ത് ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ശിൽപ്പശാലയിൽ പങ്കെടുത്തു.
ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ സമ്പത്തിന്റെ വിശദമായ കണക്കെടുപ്പ് നടത്തുന്നതിനും ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പരിഷ്കരിക്കുന്നതിനും സർവകലാശാലയുടെ സഹായം ലഭ്യമാക്കുമെന്ന് വൈസ് ചാൻസലർ ഉറപ്പുനൽകി. വയനാട്ടിലെ എം. എസ്. സ്വാമിനാഥൻ ഫൗണ്ടേഷനുമായി സഹകരിച്ച് വംശനാശഭീഷണി നേരിടുന്ന വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും അവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്താനും തീരുമാനമായി.

മലയാള സർവകലാശാല പരിസ്ഥിതി പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആർ. ധന്യ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ആർ. അനിൽ എന്നിവർ ക്ലാസുകൾ നയിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പി. ഫൗസിയ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫാബിമോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. പി. മണികണ്ഠൻ, ഷൗക്കത്ത് കുന്നത്ത്, പഞ്ചായത്ത് ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ ഷാഫി കുന്നത്ത്, കമ്മിറ്റി അംഗങ്ങളായ ഒ. പി.ഹംസക്കുട്ടി , സുരാജ് ചമ്രവട്ടം, ശാഹുൽ ഹമീദ് കൈനിക്കര, സന്ധ്യാ വാസു തുടങ്ങിയവർ സംസാരിച്ചു. ഡോ. കെ. എം. ഷീജ നന്ദി പറഞ്ഞു.
