യാചനയില്ലാത്ത മലപ്പുറം ലക്ഷ്യം; ‘സ്മൈൽ’ പദ്ധതിക്ക് തുടക്കമായി

ജില്ലയെ യാചകമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ‘സ്മൈൽ’ (SMILE-Support for Marginalised Individuals for Livelihood and Enterprise) പദ്ധതിക്ക് മലപ്പുറത്ത് തുടക്കമായി. യാചനയിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കുകയും സ്വയംതൊഴിൽ പരിശീലനത്തിലൂടെ മാന്യമായ ഉപജീവനമാർഗം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലാ സാമൂഹികനീതി ഓഫീസറാണ് പദ്ധതിയുടെ നോഡൽ ഓഫീസർ. പാണ്ടിക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സൽവാ കെയർ’ എന്ന സന്നദ്ധ സംഘടനയ്ക്കാണ് പദ്ധതിയുടെ നിർവഹണ ചുമതല.

യാചനയിൽ ഏർപ്പെടുന്നവരെ കണ്ടെത്തുന്നതിനായി പ്രത്യേക വാഹനസൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെത്തി ഇവരെ ഏറ്റെടുക്കും. തുടർന്ന് ആവശ്യമായ പരിചരണവും വിദഗ്ധ പരിശീലനവും നൽകി അന്തസ്സോടെ ജീവിക്കാൻ പ്രാപ്തരാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പോലീസ്, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
യാചകർക്ക് പണം നൽകുന്നതിന് പകരം അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുസ്ഥലങ്ങളിൽ യാചകരെ കാണുന്നപക്ഷം പൊതുജനങ്ങൾക്ക് വിവരങ്ങൾ അധികൃതരെ അറിയിക്കാം. സ്ഥലം, ഫോട്ടോ എന്നിവ സഹിതം 9961177333, 9961177133 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

