വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു; സംസ്ഥാന വിവരാവകാശ കമ്മീഷണര്‍

ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം ഉറപ്പാക്കുന്നതിലൂടെ വിവരാവകാശ നിയമം ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും അഴിമതി കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നതായി സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്. മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ‘വിവരാവകാശം അറിയേണ്ടതെല്ലാം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമം നിലവില്‍ വരുന്നതിന് മുമ്പുതന്നെ വിവരങ്ങള്‍ അറിയാനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി വിവിധ വിധികളിലൂടെ വ്യക്തമാക്കിയിരുന്നു.

രാജസ്ഥാനിലെ ദേവ് ദുംഗ്രി ഗ്രാമത്തില്‍ കര്‍ഷകരും തൊഴിലാളികളും നടത്തിയ ജനകീയ സമരവും വിവരാവകാശ നിയമത്തിന്റെ രൂപീകരണത്തില്‍ നിര്‍ണായകമായി. ആവശ്യപ്പെട്ട രേഖകള്‍ ലഭ്യമാക്കണമെന്നും അറിയാനുള്ള അവകാശം അംഗീകരിക്കണമെന്നുമായിരുന്നു സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍. അരുണ റോയിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി ‘നാഷണല്‍ ക്യാമ്പയിന് ഫോര്‍ പീപ്പിള്‍സ് റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍’ ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിവരാവകാശ നിയമത്തിനായി ശക്തമായ പ്രചാരണം നടത്തി. ഇത്തരം ജനകീയ പോരാട്ടങ്ങളുടെ ഫലമായാണ് 2005ല്‍ പാര്‍ലമെന്റ് വിവരാവകാശ നിയമം പാസാക്കിയത്.
വിവരാവകാശ നിയമം ജനകീയ നിയമമാണെന്നും അത് ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവരം നല്‍കുന്നതിന് പരമാവധി 30 ദിവസം വരെ കാത്തിരിക്കണമെന്നല്ല നിയമം അനുശാസിക്കുന്നതെന്നും ലഭ്യമാകുന്ന വിവരങ്ങള്‍ എത്രയും വേഗം നല്‍കണമെന്നാണ് നിയമത്തിന്റെ താല്പര്യമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. അധികാരികളോട് ചോദ്യം ചോദിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്നും നേരത്തെ ജനപ്രതിനിധികള്‍ക്ക് മാത്രമായി പരിമിതപ്പെട്ടിരുന്ന ഈ അവകാശം വിവരാവകാശ നിയമത്തിലൂടെ സാധാരണ ജനങ്ങള്‍ക്കും ലഭ്യമായെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ റിസോഴ്സ് പേഴ്സണ്‍ കെ. പ്രസാദ് സംശയങ്ങള്‍ക്ക് മറുപടി നല്കി. എ.ഡി.എം. പി.ഒ.സാദിഖ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എസ് സുരേഷ് കുമാര്‍, വിവിധ വകുപ്പുകളില്‍ നിന്നായി 800ഓളം ഉദ്യോഗസ്ഥരും സെമിനാറില്‍ പങ്കെടുത്തു.
