റാഷിദിന് ഇനി സ്വപ്‌നങ്ങള്‍ക്കൊപ്പം സഞ്ചരിക്കാം; ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ച് ജില്ലാ കളക്ടര്‍

കലക്ടറേറ്റില്‍ നടന്നുവരുന്ന `ഒപ്പം’ പി.എസ്.സി കോച്ചിങ് ക്ലാസ്സിലെ ഉദ്യോഗാര്‍ഥിയായ മുഹമ്മദ് റാഷിദിന് ഇലക്ട്രിക് വീല്‍ ചെയര്‍ സമ്മാനിച്ചു. പ്രജാഹിത ഫൗണ്ടേഷന്റെ സ്പോണ്‍സര്‍ഷിപ്പോടു കൂടി വാങ്ങിയ വീല്‍ ചെയറാണ് ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് സമ്മാനിച്ചത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ആക്സസ് സെക്രട്ടറിയും കൊണ്ടോട്ടി ഗവ. കോളേജ് അധ്യാപകനുമായ അബ്ദുള്‍ നാസര്‍, പ്രജാഹിത ഫൗണ്ടേഷന്‍ ഡയറക്ടര്‍ എസ്. സൂരജ്, കോഴ്സ് കോര്‍ഡിനേറ്റര്‍മാരായ മോഹന കൃഷ്ണന്‍, കെ.ടി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ആക്‌സസ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി ഞായറാഴ്ചകളില്‍ ജില്ലാ കലക്ടറേറ്റില്‍ സൗജന്യമായി പി.എസ്.സി, എസ്.എസ്.സി പരീക്ഷാ പരിശീലന ക്ലാസ്സ് നല്‍കുന്നുണ്ട്. പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായി പരീക്ഷാ പഠന സാമഗ്രികളും നല്‍കുന്നുണ്ട്. കേള്‍വി പരിമിതിയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക പഠന സൗകര്യം ഉണ്ട്. ക്ലാസ്സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് `ഒപ്പം’ ഓഫീസില്‍ നിന്ന് പരിശീലനത്തിന്റെ വിവരങ്ങള്‍ ലഭ്യക്കും. ഫോണ്‍.9745496170