പുതിന വെള്ളം ശീലമാക്കാം; വായ് നാറ്റം മുതല്‍ ദഹനപ്രശ്‌നങ്ങള്‍ വരെ മാറ്റിയെടുക്കാം
രാവിലെ എണീറ്റയുടന്‍ ഒരു കപ്പ് ചായയോ, കാപ്പിയോ അതാണ് പൊതുവെയുള്ള ശീലം. എന്നാല്‍ ആ ശീലം ഒന്നുമാറ്റിപ്പിടിച്ചാലുള്ള ഗുണങ്ങള്‍ നിസാരമല്ല.എഴുന്നേറ്റയുടന്‍ പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം ഒരു ഗ്ലാസ് പുതിന വെള്ളം കുടിക്കുന്നത് ശരീരത്തിന് മികച്ച ഉണര്‍വേകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ശരീരത്തിന് ഉണര്‍വേകുക മാത്രമല്ല, പ്രതീക്ഷിക്കാത്ത രീതിയില്‍ ശരീരത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് പുതിന വെള്ളത്തിന് സാധിക്കുമത്രേ. പുതിന ചേര്‍ത്ത വെള്ളം രാവിലെ കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ദഹനം മെച്ചപ്പെടും
ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ പുതിന വെള്ളം ഉത്തേജിപ്പിക്കും. അതുവഴി കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുകയും അത് ദഹനത്തെ സഹായിക്കുകയും ചെയ്യും.
വയര്‍ വീര്‍ത്തുകെട്ടില്ല
വയറിലെ മസിലുകള്‍ റിലാക്‌സ് ചെയ്യുന്നതിന് ഇത് സഹായകമാകും. ഗ്യാസ് കുറയ്ക്കുന്നതിനും, വയര്‍വീര്‍ക്കുന്നത് തടയാനും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കും.
ശരീരത്തെ വിഷമുക്തമാക്കും
ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ ശരീരത്തിലുള്ള ടോക്‌സിന്‍ പുറത്തുകളയുന്നതിന് ഇത് സഹായിക്കും.
വായ് നാറ്റം കുറയ്ക്കും
ആന്റി ബാക്ടീരിയല്‍ പ്രോപ്പര്‍ട്ടികള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ബാഡ് ബ്രീത്ത് ഇല്ലാതാക്കാന്‍ രാവിലെ തന്നെ ഈ വെള്ളം കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യും.
വിശപ്പിനെ നിയന്ത്രിക്കും
വിശപ്പിനെ നിയന്ത്രിക്കുന്നതിനും പുതിന ചേര്‍ത്ത വെള്ളം കുടിക്കുന്നത് വളരെയേറെ സഹായകമാണ്. മെറ്റബോളിസത്തെ സപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം കൊഴുപ്പ് എരിച്ച് കളയാന്‍ നിത്യവും രാവിലെ പുതിന വെള്ളം ശീലമാക്കുന്നത് നന്നായിരിക്കും.