Fincat

ഡേറ്റിംഗ് ആപ്പ് ‘ചാറ്റിൽ’ കുടുക്കി, യുവാവിനെ കാറിൽ കയറ്റി, സ്വർണാഭരണങ്ങൾ കവർന്നു, സുമതി വളവിൽ തള്ളി, പ്രതികൾ പിടിയിൽ

യുവാവിനെ ഡേറ്റിംഗ് ആപ്പ് വഴി സ്ത്രീയെന്ന വ്യാജേനെ ചാറ്റ് ചെയ്ത് കുടുക്കി കാറിൽ കടത്തിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതികളെ വെഞ്ഞാറമൂട് അറസ്റ്റ് ചെയ്തു. മടത്തറ സ്വദേശി മുഹമ്മദ് സല്‍മാന്‍ (19), കൊല്ലായില്‍ സ്വദേശി സുധീര്‍ (24), ചിതറ സ്വദേശി സജിത്ത് (18), കുളത്തൂപ്പുഴ സ്വദേശി ആഷിഖ് (19) എന്നിവരാണ് അറസ്റ്റിലായത്. ആഷിഖിനെ കുളത്തൂപ്പുഴ ഭാഗത്ത് നിന്ന് വെഞ്ഞാറമൂട് പൊലീസും മറ്റു പ്രതികളെ ആലപ്പുഴയിലെ ഹോട്ടലിൽ നിന്നും ആലപ്പുഴ പൊലീസുമാണ് പിടികൂടിയത്. ഏഴാം തീയതി ഉച്ചയ്ക്ക് ശേഷം 3:00 മണിക്കാണ് സംഭവമുണ്ടായത്. കൃത്യം നടന്ന് 48 മണിക്കൂറിനകം പ്രതികളെ എല്ലാവരെയും പിടിക്കാൻ കഴിഞ്ഞു.

വെഞ്ഞാറമൂട് സ്വദേശിയാണ് ആക്രമണത്തിനിരയായത്. പരിചയം സ്ഥാപിച്ചശേഷം ആക്രമികള്‍ മുക്കുന്നൂര്‍ ഭാഗത്ത് കാറിലെത്തി യുവാവിനെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വാഹനത്തില്‍വെച്ച് ഇയാളെ നഗ്‌നനാക്കി ഫോട്ടോയെടുത്തശേഷം മൂന്ന് പവന്‍ തൂക്കംവരുന്ന സ്വര്‍ണമാല കൈക്കലാക്കി. ഇതിനിടെ ഇയാളെ മര്‍ദിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിനെ പാങ്ങോടിനടുത്ത് സുമതിവളവില്‍ ഉപേക്ഷിച്ചു. ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.