Fincat

ഐഫോൺ 17 സീരീസിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു! വരുന്നത് ബിഗ് അപ്‌ഗ്രേഡുകള്‍


കാലിഫോര്‍ണിയ: 
ഐഫോൺ 17 സീരീസ് സെപ്റ്റംബര്‍ ആദ്യം ലോഞ്ച് ചെയ്യും. കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും ഐഫോണിന്‍റെ നാല് പുതിയ മോഡലുകളാണ് ലോഞ്ച് ചെയ്യുക. അതിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവ ഉൾപ്പെടും. ഈ വർഷം കമ്പനി പ്ലസ് മോഡൽ പുറത്തിറക്കില്ല. പകരമാണ് ഐഫോൺ 17 എയർ അവതരിപ്പിക്കുന്നത്. ഐഫോൺ 17 സീരീസിന്‍റെ എല്ലാ മോഡലുകളെക്കുറിച്ചും കഴിഞ്ഞ കുറച്ച് മാസങ്ങളായി പുതിയ റിപ്പോർട്ടുകൾ തുടർച്ചയായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ അവയുടെ സ്‌ക്രീൻ പ്രൊട്ടക്‌ടറുകൾ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നു.

സെപ്റ്റംബറിൽ നടക്കേണ്ട ഐഫോൺ 17 സീരീസ് ലോഞ്ചിന്‍റെ കൃത്യമായ തീയതി ആപ്പിൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഓഗസ്റ്റ് അവസാനത്തോടെ ലോഞ്ച് തീയതി സ്ഥിരീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025 സെപ്റ്റംബർ 9 ആയിരിക്കും പ്രതീക്ഷിക്കുന്ന തീയതി എന്നും സെപ്റ്റംബർ 12ന് വിൽപ്പന ആരംഭിക്കുമെന്നും കിംവദന്തികൾ പ്രവചിക്കുന്നു. ലോഞ്ച് തീയതി റെഡിയായാൽ ലോഞ്ചിന് രണ്ടാഴ്‌ച മുമ്പ് ആപ്പിൾ ക്ഷണക്കത്ത് അയയ്ക്കും. അതിനാൽ, ഓഗസ്റ്റ് 25-ഓടെ ഔദ്യോഗിക ലോഞ്ച് ക്ഷണക്കത്ത് അയയ്ക്കുമെന്ന്പ്രതീക്ഷിക്കാം. കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിലാണ് പരിപാടി നടക്കുന്നത്. ആപ്പിളിന്‍റെ യൂട്യൂബ് ചാനലായ ആപ്പിൾ ഡോട്ട് കോം, ആപ്പിൾ ടിവി എന്നിവയിലും ലോഞ്ച് ഇവന്‍റ് തത്സമയം സംപ്രേഷണം ചെയ്യും.

ഐഫോൺ 17 (സ്റ്റാൻഡേർഡ്), ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിങ്ങനെ ആപ്പിളിന്‍റെ പുതിയ ശ്രേണിയിൽ നാല് മോഡലുകൾ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. ഈ ഫോണുകളുടെ പ്രതീക്ഷിക്കുന്ന പ്രധാന അപ്ഗ്രേഡുകളില്‍ താഴെപ്പറയുന്നവ ഉൾപ്പെടുന്നു.

ഡിസ്പ്ലേ

120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഓലെഡ് പ്രോ-മോഷൻ സാങ്കേതികവിദ്യ

പ്രോസസ്സറുകൾ

പ്രോ മോഡലുകൾക്ക് എ19 പ്രോ, അടിസ്ഥാന മോഡലുകൾക്ക് ഒരുപക്ഷേ എ18 ചിപ്പാവും ലഭിക്കുക

ഡിസൈൻ

ഐഫോൺ 17 എയറിൽ നേർത്ത പ്രൊഫൈൽ ഉണ്ടായിരിക്കാം. ഏകദേശം 5.5–5.6 മില്ലീമീറ്റർ ആയിരിക്കും ഇത്. കൂടാതെ ഇ-സിം സാങ്കേതികവിദ്യയെ മാത്രം ആശ്രയിക്കും.

ക്യാമറകൾ

പ്രോ മോഡലുകളിൽ 48 എംപി ടെലിഫോട്ടോ ലെൻസും 24 എംപി മുൻ ക്യാമറയും ഉൾപ്പെട്ടേക്കാം.

ഐഫോൺ 17 വിലയും പ്രതീക്ഷിക്കുന്ന ലോഞ്ചും

ആപ്പിൾ ലോഞ്ചുകളുടെ പതിവ് കലണ്ടർ രീതി പിന്തുടരുകയാണെങ്കിൽ, ഐഫോൺ 17 സീരീസിനായുള്ള പ്രീ-ഓർഡറുകൾ സെപ്റ്റംബർ 12 വെള്ളിയാഴ്‌ച ആരംഭിച്ചേക്കും. ഷിപ്പിംഗ്, റീട്ടെയിൽ വിൽപ്പന സെപ്റ്റംബർ 19 മുതൽ ആരംഭിക്കുമെന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു. സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ മാറ്റം വരുമെന്നും, അടിസ്ഥാന പ്രോ മോഡലുകൾ 128 ജിബിക്ക് പകരം 256 ജിബിയിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫീച്ചർ നവീകരണവും നിർമ്മാണച്ചെലവുകളും പരഗിണിക്കുമ്പോൾ പുതിയ ഐഫോൺ സീരീസിന്‍റെ വിലയിൽ മാറ്റമുണ്ടാകാം എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യവും ആപ്പിള്‍ സ്ഥീരികരിച്ചിട്ടില്ല.