World Sexual Health Day 2025 : ലൈംഗികരോഗങ്ങൾ ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?
എല്ലാ വർഷവും സെപ്റ്റംബർ 4 ന് ലോക ലൈംഗിക ആരോഗ്യ ദിനമായി ആചരിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിനും ലൈംഗിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. വേൾഡ് അസോസിയേഷൻ ഫോർ സെക്ഷ്വൽ ഹെൽത്ത് (WAS) 2010 ൽ സെപ്റ്റംബർ 4 ലോക ലൈംഗിക ആരോഗ്യ ദിനമായി ആചരിക്കാൻ തുടക്കമിട്ടത്.
യോനി, മലദ്വാരം, വായ എന്നിവയിലൂടെയുള്ള ലൈംഗികബന്ധത്തിലൂടെയാണ് ലൈംഗിക രോഗങ്ങൾ (STI) പകരുന്നത്. ക്ലമിഡിയ, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ ബാക്ടീരിയകളും വൈറസുകളായ ഹ്യൂമൻ പാപ്പിലോമാൈവറസ് (HPV), ഹെർപ്സ് സിംപ്ലക്സ് വൈറസ് (HSV, HIV) ട്രൈക്കോമൊണാസ് വജൈനാലിസ് എന്നിവയാണ് രോഗത്തിന് കാരണമാകുന്നത്. രോഗിയുടെ ശുക്ലം, യോനീസ്രവങ്ങൾ, രക്തം, മ്യൂക്കസ് മെംബ്രേൻസ് തുടങ്ങിയ ശരീരസ്രവങ്ങൾ, രോഗമില്ലാത്ത ആളുടേതുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് രോഗം പകരുന്നത്.
യോനി, ഗുദ, ഓറൽ സെക്സ് എന്നിവയുൾപ്പെടെ ഏകദേശം 30 വ്യത്യസ്ത ബാക്ടീരിയകൾ, വൈറസുകൾ എന്നിവ ലൈംഗിക ബന്ധത്തിലൂടെ പകരുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ലോകമെമ്പാടും, പ്രത്യേകിച്ച് 15 മുതൽ 49 വയസ്സുവരെയുള്ളവരിൽ, പ്രതിദിനം ഏകദേശം 1 ദശലക്ഷം ഭേദമാക്കാവുന്ന ലൈംഗിക അണുബാധകൾ (എസ്ടിഐ) ഉണ്ടാകുന്നു. ഹെർപ്പസ്, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ ലൈംഗികമായി പകരുന്ന അണുബാധകൾ എച്ച്ഐവി ബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എസ്ടിഐകൾ പകരുന്നത് നവജാത ശിശു മരണം, കുറഞ്ഞ ഭാരവും അകാല ജനനവും, സെപ്സിസ്, നവജാത ശിശുക്കളുടെ കൺജങ്ക്റ്റിവിറ്റിസ്, ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകും. എച്ച്പിവി അണുബാധ സെർവിക്കൽ ക്യാൻസറിനും മറ്റ് അർബുദങ്ങൾക്കും കാരണമാകുന്നു.
ലൈംഗിക രോഗങ്ങളുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
1. ജനനേന്ദ്രിയത്തിലോ, മലദ്വാരത്തിലോ, തുടകളിലോ ഉള്ള മുഴകൾ, വ്രണങ്ങൾ അല്ലെങ്കിൽ തിണർപ്പ്
2. യോനി ഡിസ്ചാർജിന്റെ അളവ്, നിറം അല്ലെങ്കിൽ ഗന്ധം എന്നിവയിലെ മാറ്റങ്ങൾ
3. പെനൈൽ ഡിസ്ചാർജ്
4. ആർത്തവത്തിനിടയിലോ ലൈംഗിക ബന്ധത്തിന് ശേഷമോ അസാധാരണമായ യോനിയിൽ രക്തസ്രാവം
5. ∙മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ
6. ജനനേന്ദ്രിയത്തിന് ചുറ്റും ചൊറിച്ചിൽ
7. മലാശയ രക്തസ്രാവം
8. വേദന നിറഞ്ഞ ലൈംഗികബന്ധം