Fincat

ഇന്ത്യയിലെ ഏറ്റവുംവലിയ കണ്ണാടിപ്പാലം; കടല്‍ക്കാഴ്ച നല്‍കുന്ന കൈലാസഗിരി കുന്നിലെ അത്ഭുതം


സാഹസികതയും മനോഹര കാഴ്ചകളും സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് സ്കൈവാക്ക് പാലം വിശാഖപട്ടണത്ത് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.കൈലാസഗിരി കുന്നുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഈ സ്കൈവാക്ക് പാലം ഉടൻ സന്ദർശകർക്കായി തുറന്നുകൊടുക്കും.
ബംഗാള്‍ ഉള്‍ക്കടലിന്റെയും പച്ചപ്പ് നിറഞ്ഞ പൂർവഘട്ടത്തിന്റെയും നഗരത്തിന്റെ വിശാലമായ കാഴ്ചകളുമാണ് ഇത് സമ്മാനിക്കുന്നത്. ഉദ്ഘാടനത്തിന് മുൻപ് തന്നെ, ഈ പാലം രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രമുഖ വ്യവസായി ആനന്ദ് മഹിന്ദ്ര പാലത്തിന്റെ ഒരു ദൃശ്യം കഴിഞ്ഞദിവസം എക്സില്‍ പങ്കുവെക്കുകയും അതിമനോഹരം എന്ന് പ്രശംസിക്കുകയും ചെയ്തു. ഇതോടെ സാമൂഹികമാധ്യമങ്ങളിലടക്കം ഈ കണ്ണാടിപ്പാലം വൈറലായി.

കുന്നിൻമുകളിലെ വിസ്മയം

കൈലാസഗിരി കുന്നുകളില്‍നിന്ന് 55 മീറ്റർ പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഈ ഗ്ലാസ് പാലം, ഭൂമിയില്‍ നിന്ന് 862 അടി ഉയരത്തിലും സമുദ്രനിരപ്പില്‍ നിന്ന് 1,000 അടി ഉയരത്തിലുമാണ് സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ ടൈറ്റാനിക് വ്യൂപോയിന്റിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഈ നടപ്പാത, ആവേശകരവും അതേസമയം വിസ്മയിപ്പിക്കുന്നതുമായ അനുഭവം വാഗ്ദാനം ചെയ്യുന്നു.
ജർമൻ സാങ്കേതികവിദ്യയില്‍ നിർമിച്ച ടെമ്ബർഡ് ലാമിനേറ്റഡ് ഗ്ലാസ് ഉപയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. 40 ടണ്‍ സ്റ്റീല്‍ ഉപയോഗിച്ച്‌ ഉറപ്പിച്ച, 40 മില്ലിമീറ്റർ കനമുള്ള മൂന്ന് പാളികളുള്ള പാനലുകളാണ് ഇതിലുള്ളത്. മണിക്കൂറില്‍ 250 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാൻ രൂപകല്‍പന ചെയ്തിട്ടുള്ള പാലത്തിന്, ഒരു ചതുരശ്ര മീറ്ററില്‍ 500 കിലോഗ്രാം ഭാരം താങ്ങാൻ കഴിയും. കാഴ്ചയില്‍ മാത്രമല്ല, കരുത്തിലും മുന്നിലാണിത്.
സുരക്ഷയ്ക്ക് പ്രഥമ പരിഗണന
ഒരേ സമയം 40 സന്ദർശകരെ മാത്രമേ അനുവദിക്കൂ. ഓരോ സംഘത്തിനും ഡെക്കില്‍ 5-10 മിനിറ്റ് സമയം ലഭിക്കും. പ്രവേശന ഫീസ് 250-300 രൂപയ്ക്ക് ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അത്ഭുതത്തിന്റെ ശില്പികള്‍

എസ്‌എസ്‌എം ഷിപ്പിങ് & ലോജിസ്റ്റിക്സ് (വിശാഖപട്ടണം), വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജിന്റെ നിർമാതാക്കളായ ഭാരത് മാതാ വെൻചേഴ്സ് (കേരളം), വിശാഖപട്ടണം മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റി (വിഎംആർഡിഎ) എന്നിവയുടെ സംയുക്ത സംരംഭമാണിത്. 55 മീറ്റർ നീളമുള്ള ഈ പാലം, വാഗമണിലെ 38 മീറ്റർ നീളമുള്ള ഗ്ലാസ് സ്കൈവാക്ക് പാലത്തെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് സ്കൈവാക്ക് എന്ന പദവി ഉറപ്പിക്കുന്നു.
സന്ദർശകർക്ക് പ്രതീക്ഷിക്കാവുന്നത്
360 ഡിഗ്രി കാഴ്ചകള്‍: ബംഗാള്‍ ഉള്‍ക്കടലിലെ അലയടിക്കുന്ന തിരമാലകള്‍ മുതല്‍ പരന്നുകിടക്കുന്ന പൂർവഘട്ടം, വൈസാഗിലെ നഗരദൃശ്യം വരെ കാണാം.
രാത്രിയിലെ തിളക്കം: താമസിയാതെ ത്രിവർണ പ്രകാശാലങ്കാരങ്ങളാല്‍ പ്രകാശപൂരിതമാകുന്ന ഈ പാലം, സൂര്യാസ്തമയത്തിനു ശേഷം തിളങ്ങുന്ന ഒരു വിസ്മയമായി മാറും.