ലഹരിവിമുക്ത കേന്ദ്രത്തിലാക്കിയ യുവാവ് സ്പൂണും ടൂത്ത് ബ്രഷുകളും വിഴുങ്ങലിന് ‘അഡിക്ടായി’
ലഖ്‌നൗ: ലഹരി ഉപയോഗത്തെ തുടര്‍ന്ന് ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച യുവാവ് സ്പൂണും ടൂത്ത്ബ്രഷും കഴിക്കുന്നത് ശീലമാക്കി.ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഒരു ലഹരിവിമുക്ത കേന്ദ്രത്തിലാണ് സംഭവം. കുടുംബം ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റിയതിലുള്ള ദേഷ്യം തീര്‍ക്കാനാണ് സച്ചിന്‍ എന്ന യുവാവ് സ്പൂണുകളും ടൂത്ത് ബ്രഷുകളും അകത്താക്കിയത്.
ദിവസങ്ങള്‍ക്ക് ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ, സച്ചിന്റെ വയറ്റില്‍ നിന്ന് 29 സ്റ്റീല്‍ സ്പൂണുകള്‍, 19 ടൂത്ത് ബ്രഷുകള്‍, രണ്ട് പേനകള്‍ എന്നിവ പുറത്തെടുത്തു.
ലഹരിവിമുക്ത കേന്ദ്രത്തില്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന കുറഞ്ഞ അളവിലുള്ള ഭക്ഷണവും ഇയാളെ പ്രകോപിപ്പിച്ചുവെന്നാണ് പറയപ്പെടുന്നത്. ‘ഞങ്ങള്‍ക്ക് വളരെ കുറച്ച് പച്ചക്കറികളും ഏതാനും ചപ്പാത്തികളും മാത്രമേ ലഭിച്ചിരുന്നുള്ളൂ. വീട്ടില്‍ നിന്ന് എന്തെങ്കിലും എത്തിച്ചാല്‍, മിക്കതും ഞങ്ങളുടെ കയ്യിലെത്തില്ലായിരുന്നു. ചിലപ്പോള്‍ ഒരു ദിവസം ഒരു ബിസ്‌ക്കറ്റ് മാത്രമാണ് കിട്ടിയിരുന്നത്’ സച്ചിന്‍ പറഞ്ഞു.
ഇതില്‍ രോഷാകുലനായ സച്ചിന്‍ സ്റ്റീല്‍ സ്പൂണുകള്‍ മോഷ്ടിച്ച് കുളിമുറിയില്‍ പോയി അവ കഷണങ്ങളാക്കി ഒടിച്ച് വായിലിട്ട് തൊണ്ടയിലൂടെ താഴേക്ക് തള്ളിയിറക്കും. ചിലപ്പോള്‍ വെള്ളം കുടിച്ചാണ് ഇത് ചെയ്തിരുന്നതെന്നും അധികൃതര്‍ പറയുന്നു.
താമസിയാതെ, വയറുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എക്‌സ്-റേ, സിടി സ്‌കാനുകളില്‍ വയറ്റില്‍ സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനകളുമുള്ളതായി കണ്ടെത്തി. എന്‍ഡോസ്‌കോപ്പിയിലൂടെ വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും, വയറ്റില്‍ അത്രയധികം സാധനങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു. ‘മാനസിക പ്രശ്‌നങ്ങളുള്ളവരില്‍ ഇത്തരം പ്രവണതകള്‍ സാധാരണയായി കാണാറുണ്ട്’ സച്ചിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ആശുപത്രിയിലെ ഡോക്ടര്‍ ശ്യാം കുമാര്‍ പറഞ്ഞു.