ഇമ്രാൻ ഖാന്റെ എക്സ് അക്കൗണ്ട് ജയിലില്‍നിന്നോ ഇന്ത്യയില്‍നിന്നോ? നാണംകെട്ട് പാകിസ്താൻ പ്രതിരോധമന്ത്രി
ഇസ്ലാമാബാദ്: മാധ്യമപ്രവർത്തകൻ മെഹ്ദി ഹസനുമായുള്ള അഭിമുഖത്തിനിടെ മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ എക്സ് അക്കൗണ്ടിനെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ അവകാശവാദങ്ങള്‍ ഉന്നയിച്ച പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വെട്ടിലായി.പാകിസ്താനിലെ അഡിയാല ജയിലില്‍ നിന്നാണ് ഇമ്രാൻ ഖാൻ തന്റെ ട്വിറ്റർ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നതെന്നാണ് ആസിഫ് അഭിമുഖത്തിനിടെ ആരോപിച്ചത്. അക്കൗണ്ട് നിയന്ത്രിക്കുന്നത് ഇന്ത്യയാണെന്ന് ആസിഫ് മുമ്ബ് അവകാശപ്പെട്ടിരുന്നുവെന്ന് ഹസൻ ഓർമിപ്പിച്ചപ്പോള്, വ്യക്തത വരുത്താൻ ആസിഫ് പാടുപെട്ടു.
‘അദ്ദേഹം ജയില്‍ മുറിയില്‍നിന്ന് ട്വിറ്റർ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നുണ്ട്’ എന്ന് ആസിഫ് പറഞ്ഞു. ഇതിന് മെഹ്ദി ഹസന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘അദ്ദേഹം ഇന്ത്യയില്‍ നിന്നാണ് പ്രവർത്തിപ്പിക്കുന്നതെന്ന് നിങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയാണ് നിയന്ത്രിക്കുന്നതെന്നും നിങ്ങള്‍ പറഞ്ഞു. നിങ്ങള്‍ ഇപ്പോള്‍ രണ്ട് വ്യത്യസ്ത ആരോപണങ്ങള്‍ ഉന്നയിച്ചു. അത് ജയില്‍ മുറിയില്നിന്നാണോ അതോ ഇന്ത്യയില്‍നിന്നാണോ?’
പതറിപ്പോയെങ്കിലും ആസിഫ് മറുപടി നല്കി: ‘ഒന്നുകില്‍ അദ്ദേഹം ജയില്‍ മുറിയില്‍നിന്ന് അത് പ്രവർത്തിപ്പിക്കുന്നു, അല്ലെങ്കില്‍ ആരാണ് അത് പ്രവർത്തിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം.’
മെഹ്ദി തെളിവ് ചോദിച്ചപ്പോള്‍ ആസിഫ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചെങ്കിലും തെളിവ് നല്കാൻ വിസമ്മതിച്ചു. ‘തെളിവുകള്‍ എനിക്ക് പരസ്യമായി വെളിപ്പെടുത്താൻ കഴിയില്ല,’ അദ്ദേഹം പറഞ്ഞു. ‘തെളിവുകള്‍ പരസ്യമായി വെളിപ്പെടുത്താൻ കഴിയില്ലെങ്കില്‍, എന്തിനാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്?’ എന്ന് ഹസൻ വീണ്ടും ചോദിച്ചപ്പോള്‍, ‘ഇല്ല. അത് അവിടെയുണ്ട്.’ എന്നായിരുന്നു ആസിഫിന്റെ മറുപടി. ഖാന്റെ അക്കൗണ്ട് ഇന്ത്യയാണോ നിയന്ത്രിക്കുന്നതെന്ന ചോദ്യത്തിന് അദ്ദേഹം കൂട്ടിച്ചേർത്തു, ‘അതെ. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് വ്യക്തമാണ്. ആരും ഇത് പരസ്യമായി പറയുന്നില്ലെന്നു മാത്രം.’
അതേസമയം, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ എഐയെക്കുറിച്ചും ഇന്ത്യ-പാക് സംഘർഷങ്ങളെക്കുറിച്ചും സംസാരിക്കവെ ഖ്വാജാ ആസിഫിനു പല തവണ നാക്കുപിഴ സംഭവിച്ചിരുന്നു. നാക്കുപിഴ ഒന്നല്ല, ഒരുപാട് തവണ ആയതോടെ ആസിഫിന്റെ പ്രസംഗം വലിയ തോതില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ നാക്കുപിഴകള്‍ കോർത്തിണക്കിയ ഒരു വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പോസ്റ്റ് ചെയ്യുകകൂടി ചെയ്തതോടെ കാര്യങ്ങള്‍ അടുത്ത തലത്തിലായി. തെറ്റായ ഉച്ചാരണം, അവ്യക്തമായ പ്രയോഗങ്ങള്‍ എന്നിവയുള്‍പ്പെടെ ഏഴോളം നാക്കുപിഴകളാണ് ആസിഫിന്റെ പ്രസംഗത്തില്‍ നിരീക്ഷകർ കണ്ടെത്തിയത്.
ഒരു ഘട്ടത്തില്‍, അദ്ദേഹം ‘breathtaking space’ എന്ന് പറഞ്ഞ ശേഷം ‘breathtaking pace’ എന്ന് തിരുത്തി. ‘risk’ എന്നത് ‘riks’ എന്നും,’development’ എന്നതിനെ ‘developend ‘ എന്നും അദ്ദേഹം തെറ്റായി ഉച്ചരിച്ചു. ‘instability’, ‘technological disparties’ തുടങ്ങിയ സങ്കീർണ്ണമായ പദങ്ങള്‍ ഉച്ചരിക്കാൻ അദ്ദേഹം പാടുപെട്ടു.’first time’ എന്നതിന്’sirst time’ എന്ന് തെറ്റായി പറയുകയും ശരിയായി പറയാൻ ഉദ്ദേശിച്ച് പലതവണ തിരുത്തുകയും ചെയ്തു, എന്നിട്ടും തെറ്റി. ‘six pillars’ എന്ന് പറയുന്നതിന് പകരം ‘six pip-pillars’ എന്നടക്കം പറഞ്ഞു.
ഇതിനു പിന്നാലയെണ് മെഹ്ദി ഹസനുമായുള്ള അഭിമുഖത്തിലും ഖ്വാജാ ആസിഫ് പരിഹാസ്യനാവുന്നത്.