Fincat

രാഹുൽ ഗാന്ധിക്കെതിരായ പരാമർശം; പ്രിന്റു മഹാദേവിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിൽ ബിജെപി വക്താവ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്ത് പൊലീസ്. ചാനൽ ചർച്ചയ്ക്കിടെ രാഹുൽഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിലാണ് കേസ്. പേരാമംഗലം പൊലീസാണ് കേസെടുത്തത്. മൂന്നു വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ, കൊലവിളി പ്രസംഗം എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

ഒരു ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെ പരസ്യമായി രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തുകയായിരുന്നു ബിജെപി വക്താവ് പ്രിന്റു മഹാദേവ്. രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്നായിരുന്നു ഇയാൾ ചർച്ചയ്ക്കിടെ പറഞ്ഞത്. സംഭവത്തിൽ ബിജെപിക്കെതിരെ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. പ്രിന്റു മഹാദേവന്റെ വീട്ടിലേക്കുള്ള മാർച്ചിൽ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കത്തയച്ചിരുന്നു. പ്രിന്റു മഹാദേവിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് പ്രിന്റുവിന്റേതെന്നും ഇത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും കെ സി വേണുഗോപാല്‍ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

അനുനയനീക്കമോ ; ജി സുകുമാരൻ നായരെ നേരിൽ കണ്ട് പി ജെ കുര്യൻ, കൂടിക്കാഴ്ച നീണ്ടത് അരമണിക്കൂറോളം
‘പരസ്യമായി ടെലിവിഷന്‍ ചാനലില്‍ വന്നിരുന്ന് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി മുഴക്കിയിരിക്കുകയാണ് ബിജെപി നേതാവ്, അതും കേരളത്തില്‍. രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കാനായി കാത്തിരിക്കുന്ന സംഘപരിവാറിന്റെ ദംഷ്ട്രകളുള്ള മുഖമാണ് ഒരിക്കല്‍ക്കൂടി ഇവിടെ വെളിവാകുന്നത്. ഇവിടെ കൊലവിളി നടത്തിയിരിക്കുന്നത് ബിജെപിയുടെ സംസ്ഥാന വക്താവാണ്. മഹാത്മാവിന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ച നാഥുറാം ഗോഡ്‌സെയുടെ മാനസിക നിലയില്‍ നിന്ന് ഇന്നേവരെ കരകയറിട്ടില്ലാത്ത സംഘപരിവാറിന്റെ മറ്റൊരു നാവാണിയാള്‍’, കെ സി വേണുഗോപാൽ പറഞ്ഞു.