അടുത്ത വര്‍ഷം ഐഫോണ്‍ 18 വാങ്ങാന്‍ ആരും കാത്തിരിക്കേണ്ട, പ്ലാന്‍ മാറ്റി ആപ്പിള്‍; ഒപ്പം മറ്റൊരു സന്തോഷ വാര്‍ത്തയും
കാലിഫോര്‍ണിയ: അടുത്ത വര്‍ഷം (2026) മുതല്‍ ഐഫോണ്‍ ലൈനപ്പ് പുറത്തിറക്കുന്ന രീതി ആപ്പിള്‍ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട് സാധാരണയായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസമാണ് ആപ്പിളിന്‍റെ പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ശ്രേണി അവതരിപ്പിക്കാറ്. അതേസമയം ഐഫോണ്‍ എസ്ഇ, ഐഫോണ്‍ 16ഇ സ്‌മാര്‍ട്ട്‌ഫോണുകള്‍ റിലീസ് ചെയ്യുന്നത് മാര്‍ച്ച് മാസത്തിലും. വരും വര്‍ഷത്തെ ഐഫോണ്‍ 18 സീരീസിന്‍റെ ലോഞ്ച് കാര്യത്തില്‍ ആപ്പിള്‍ വലിയ മാറ്റങ്ങള്‍ക്ക് തയ്യാറാകുമെന്നാണ് പുത്തന്‍ റിപ്പോര്‍ട്ട്. സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 18 മോഡല്‍ 2026 സെപ്റ്റംബറില്‍ ആപ്പിള്‍ റിലീസ് ചെയ്യില്ല എന്നാണ് സപ്ലൈ ചെയ്‌നര്‍മാര്‍ നല്‍കുന്ന വിവരം. പകരം ഐഫോണ്‍ 18 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ 2027 മാര്‍ച്ചിലാവും പുറത്തിറക്കുക.
ഐഫോണ്‍ ലൈനപ്പ് മാറും
സാധാരണയായി സെപ്റ്റംബറിലെ ലോഞ്ചില്‍ ആപ്പിള്‍ നാല് സ്‌മാര്‍ട്ട്‌ഫോണുകളാണ് പുറത്തിറക്കാറ്. 2025ലെ കാര്യം പരിശോധിച്ചാല്‍ ഐഫോണ്‍ 17 ലൈനപ്പില്‍ ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവ ആപ്പിള്‍ ലോഞ്ച് ചെയ്‌തു. എന്നാല്‍ 2026 സെപ്റ്റംബറിലെ ഐഫോണ്‍ ലോഞ്ച് പ്രധാനമായും ഹൈ-എന്‍ഡ് സ്‌മാര്‍ട്ട്‌ഫോണുകളെ ഫോക്കസ് ചെയ്‌തുള്ളതായിരിക്കും. ഐഫോണ്‍ എയര്‍ 2-വിനൊപ്പം ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് എന്നീ മോഡലുകള്‍ 2026 സെപ്റ്റംബറില്‍ പ്രതീക്ഷിക്കാം. ഈ വര്‍ഷം ആപ്പിള്‍ ആദ്യമായി അവതരിപ്പിച്ച സ്ലിം ഐഫോണ്‍ വേരിയന്‍റായ ഐഫോണ്‍ എയറിന്‍റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും ഐഫോണ്‍ എയര്‍ 2. അടുത്ത വര്‍ഷം സെപ്റ്റംബറിലെ ലോഞ്ചില്‍ എന്നാല്‍ നാലാമതൊരു ഐഫോണ്‍ കൂടി ആപ്പിള്‍ പ്രേമികളെ തേടിയെത്തും. അത് ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഐഫോണായിരിക്കും എന്നതാണ് ഏറ്റവും വലിയ കൗതുകം.
2027 മാര്‍ച്ചില്‍ ഇരട്ട ലോഞ്ച്
റിലീസ് നീട്ടുന്നതോടെ 2027 മാര്‍ച്ച് മാസമായിരിക്കും ഐഫോണ്‍ 18 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ആപ്പിള്‍ പുറത്തിറക്കുക. ആപ്പിളിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി ഐഫോണ്‍ 18ഇ സ്‌മാര്‍ട്ട്‌ഫോണിനൊപ്പമായിരിക്കും ഐഫോണ്‍ 18 വനില മോഡല്‍ വിപണിയിലെത്തുക. 2026 സെപ്റ്റംബറില്‍ ഐഫോണ്‍ 18 സീരീസ് പുറത്തിറങ്ങി അതിന്‍റെ ഹൈപ്പ് കുറഞ്ഞ ശേഷം വിപണിയില്‍ വീണ്ടും സജീവമാകാന്‍ 2027 മാര്‍ച്ച് മാസത്തിലെ ഇരട്ട ലോഞ്ച് സഹായിക്കും എന്നാണ് ആപ്പിള്‍ കരുതുന്നത്. വമ്പന്‍ അപ്‌ഗ്രേഡുകളോടെയാണ് ഐഫോണ്‍ 17 സീരീസ് ഈ വര്‍ഷം പുറത്തിറങ്ങിയതെങ്കില്‍ വരും ഐഫോണ്‍ 18 ശ്രേണിയില്‍ ചിപ്പ്, ക്യാമറ അപ്‌ഡേറ്റ് അടക്കം വലിയ പുതുമ ആപ്പിള്‍ കൊണ്ടുവരുമെന്നാണ് സൂചന. ഏറ്റവും വലിയ ആകാംക്ഷ ആപ്പിളിന്‍റെ ചരിത്രത്തിലെ കന്നി ഫോള്‍ഡബിള്‍ ഐഫോണ്‍ തന്നെയായിരിക്കും എന്നുറപ്പ്.