Fincat

ഇനി ആരോടും ചാറ്റ് ചെയ്യാം, ഭാഷ പ്രശ്‌നമല്ല; വാട്‌സ്ആപ്പ് മെസേജ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ ഐഫോണുകളിലേക്കും

കാലിഫോര്‍ണിയ: വാട്‌സ്ആപ്പിനുള്ളില്‍ വച്ച് തന്നെ മെസേജുകള്‍ ട്രാന്‍സ്‌ലേറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ മെറ്റ ഐഫോണുകളിലേക്ക് വ്യാപിപ്പിക്കുന്നു. വാട്‌സ്ആപ്പ് മെസേജ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ ഉടന്‍ തന്നെ ഐഒഎസ് പ്ലാറ്റ്‌ഫോമിലേക്കും എത്തുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മാസം ഈ ഫീച്ചര്‍ വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് വേര്‍ഷനിലേക്ക് എത്തിയിരുന്നു. തേഡ്-പാര്‍ട്ടി ആപ്പുകളുടെ സഹായമില്ലാതെ വാട്‌സ്ആപ്പിനുള്ളില്‍ വച്ചുതന്നെ മെസേജുകള്‍ തര്‍ജമ്മ ചെയ്യാന്‍ കഴിയുന്ന സൗകര്യമാണിത്. നിങ്ങള്‍ക്ക് ഭാഷയുടെ തടസമില്ലാതെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ മെസേജ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ വഴിയൊരുക്കും.

ഇനി ഭാഷയുടെ തടസമില്ലാതെ ചാറ്റിംഗ്
വാട്‌സ്ആപ്പിന്‍റെ ഐഒഎസ് വേര്‍ഷനിലേക്ക് മെസേജ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ ഉടന്‍ വരുമെന്ന് വാബീറ്റാ ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഐഒഎസില്‍ 21 ഭാഷകളില്‍ ഓണ്‍-ഡിവൈസ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ ലഭ്യമാകും. വാട്‌സ്ആപ്പിനുള്ളില്‍ വച്ചുതന്നെ സന്ദേശങ്ങള്‍ ട്രാന്‍സ്‌ലേറ്റ് ചെയ്യാന്‍ ഈ ഫീച്ചര്‍ സഹായിക്കും. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ചാനലുകളിലും ഇത്തരത്തില്‍ സന്ദേശങ്ങള്‍ ഒരു ടാപിംഗിലൂടെ മൊഴിമാറ്റാം. ഒറിജിനല്‍ മെസേജിന്‍റെ അടിയിലായി തര്‍ജ്ജമ പ്രത്യക്ഷപ്പെടും. ഇത് ചാറ്റ്‌-ഫ്ലോ തടസമില്ലാതെ പ്രവര്‍ത്തിക്കുന്ന ഫീച്ചറാണ്. വാട്‌സ്ആപ്പില്‍ പല ഭാഷകളില്‍ ചാറ്റ് ചെയ്യുമ്പോഴും നാം അറിയാത്ത ഭാഷകളില്‍ മെസേജുകള്‍ വരുമ്പോഴും ഇത്തരത്തില്‍ ട്രാന്‍സ്‌ലേഷന്‍ ടൂളിന്‍റെ സഹായത്തോടെ അവ വായിക്കാം.

വാട്‌സ്ആപ്പ് മെസേജ് ട്രാന്‍സ്‌ലേഷന്‍ കൂടുതല്‍ ഭാഷകളിലേക്ക്
ആപ്പിളിന്‍റെ എപിഐ ഉപയോഗിച്ചാണ് വാട്‌സ്ആപ്പിന്‍റെ ഐഒഎസ് വേര്‍ഷനില്‍ ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുക എന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിന്‍റെ സംവിധാനങ്ങള്‍ മെസേജ് തര്‍ജ്ജമകള്‍ സുരക്ഷിതമായി സൂക്ഷിക്കും എന്ന് ഇതിലൂടെ പ്രതീക്ഷിക്കാം. ഇത്തരത്തില്‍ ട്രാന്‍സ്‌ലേറ്റ് ചെയ്യപ്പെടുന്ന മെസേജുകള്‍ സുരക്ഷിതമായിരിക്കുമെന്നും സ്വകാര്യത ചോരുമെന്ന ആശങ്കകള്‍ വേണ്ടെന്നും വാട്‌സ്ആപ്പ് അധികൃതര്‍ പറയുന്നു. ഐഒഎസില്‍ വാട്‌സ്ആപ്പ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഉചിതമായ ലാംഗ്വേജ് പാക്ക് ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും. മെസേജുകളുടെ വിവര്‍ത്തനം പൂര്‍ണമായും ഡിവൈസിനുള്ളിലും ഓഫ്‌ലൈനുമായി നടക്കുന്നതിനാല്‍ എയ്‌റോപ്ലെ‌യ്‌ന്‍ മോഡിലും വാട്‌സ്ആപ്പ് മെസേജ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കും. ഏറ്റവും പുതിയ ഐഒഎസ് വേര്‍ഷനില്‍ ചൈനീസ്, ഡച്ച്, ഇംഗ്ലീഷ് (യുകെ, യുഎസ്), ഫ്രഞ്ച്, ജര്‍മന്‍, ഹിന്ദി, ഇന്തോനേഷ്യന്‍, ഇറ്റാലിയന്‍, ജാപ്പനീസ്, കൊറിയന്‍, പോളിഷ്, പോര്‍ച്ചുഗീസ് (ബ്രസീല്‍), റഷ്യന്‍, സ്‌പാനിഷ്, തായ്, ടര്‍ക്കിഷ്, ഉക്രെയ്‌നൈന്‍, വിയറ്റ്‌നാമീസ് എന്നീ ഭാഷകളില്‍ ട്രാന്‍സ്‌ലേഷന്‍ പിന്തുണയുണ്ട്.