വാക്സിനുമായി കേരളത്തിലേയ്ക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി.
കൊച്ചി∙ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്നുള്ള കോവിഡ് വാക്സിനുമായി കേരളത്തിലേയ്ക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. കൊച്ചിയിലേക്കുള്ള 1.80 ലക്ഷം ഡോസ് വാക്സീനും കോഴിക്കോട്ടേക്കുള്ള 1.195 ലക്ഷം ഡോസ് വാക്സീനുമാണ് രാവിലെ 10.45ന് മുംബൈയിൽനിന്നുള്ള ഗോ എയർ വിമാനത്തിൽ എത്തിച്ചത്.
ഇവിടെനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ റീജനൽ വാക്സിൻ സ്റ്റോറിലേക്കു കൊണ്ടുവരുന്ന വാക്സീൻ ഇന്നു തന്നെ മറ്റ് സമീപ ജില്ലകളിലേക്കും അയക്കും. കോഴിക്കേട്ടേക്കുള്ള വാക്സീനും റോഡ് വഴി അയയ്ക്കും. വൈകിട്ട് ആറിന് ഇൻഡിഗൊ വിമാനത്തിൽ തിരുവനന്തപുരത്തേയ്ക്കുള്ള വാക്സീൻ എത്തും. തിരുവനന്തപുരത്ത് 1,34,000 ഡോസാണ് എത്തുന്നത്.
എറണാകുളം ജില്ലയിൽ ജനറൽ ആശുപത്രി എറണാകുളം, പിറവം താലൂക്കാശുപത്രി, ചെങ്ങമനാട് സാമൂഹിക ആരോഗ്യ കേന്ദ്രം, കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം, ചെല്ലാനം പ്രാഥമികാരോഗ്യ കേന്ദ്രം, കളമശേരി മെഡിക്കൽ കോളജ്, ആസ്റ്റർ മെഡിസിറ്റി, എംഒഎസ്‍സി മെഡിക്കൽ കോളജ് ആശുപത്രി കോലഞ്ചേരി, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ കോതമംഗലം, എറണാകുളം ജില്ലാ ഹോമിയോ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, തമ്മനം നഗര കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലൂടെയാണ് വാക്സീൻ കുത്തിവയ്പ്പ് നടക്കുക.