Fincat

അതിർത്തിയിൽ ഇന്ത്യയുടെ വൃത്തികെട്ട കളികൾ, ഇന്ത്യയോടും താലിബാനോടും യുദ്ധം ചെയ്യാൻ തയ്യാർ; പാക് പ്രതിരോധമന്ത്രി

ഇസ്‌ലാമാബാദ്: പാക് – അഫ്ഗാൻ സംഘർഷത്തിനു പിന്നിൽ ഇന്ത്യയെന്ന വിമർശനം ആവർത്തിച്ച് പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇന്ത്യയുടേത് വൃത്തികെട്ട കളികളാണെന്നും ഇന്ത്യയോടും താലിബാനോടും യുദ്ധം ചെയ്യാൻ തയ്യാറാണെന്നും ഖവാജ ആസിഫ് പറഞ്ഞു. അതിർത്തിയിൽ ഇന്ത്യ വൃത്തികെട്ട കളികളാണ് കളിക്കുന്നത്. ഇരു കൂട്ടരോടും യുദ്ധം ചെയ്യാൻ പാകിസ്താൻ തയ്യാറാണ് എന്നാണ് സമാ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഖവാജ പറഞ്ഞത്.

കേരള ഹോട്ടൽ ബുക്കിംഗ്
അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ ഇന്ത്യക്കുവേണ്ടി ‘നിഴൽ യുദ്ധം’ നടത്തുകയാണെന്ന് ആസിഫ് നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, പാക്- അഫ്ഗാൻ സംഘർഷത്തിൽ 48 മണിക്കൂർ താൽകാലിക വെടിനിർത്തലിന് ബുധനാഴ്ച ധാരണയിലെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത ലഘൂകരിക്കുന്നതിനാണ് വെടിനിർത്തലെന്നാണ് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. പ്രശ്നങ്ങൾ തീർക്കാൻ ചർച്ചകൾ തുടരുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചിരുന്നു. നേരത്തെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഖത്തറിന്റെയും സൗദിയുടെയും സഹായം അഭ്യർത്ഥിച്ച് പാകിസ്താൻ രംഗത്തെത്തിയിരുന്നു.

പാക്-അഫ്ഗാൻ അതിർത്തിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഘർഷം രൂക്ഷമായിരുന്നു. ഏറ്റുമുട്ടലിൽ പാകിസ്താന്റെയും താലിബാന്റെയും സൈനികർക്ക് പുറമെ സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. പാക് സൈനിക പോസ്റ്റുകൾ തകർത്തെന്ന് താലിബാൻ അവകാശവാദമുന്നയിച്ചിരുന്നു. എന്നാലിത് പാക് പ്രതിരോധ മന്ത്രാലയം തള്ളി.