പിഎം ശ്രീയില്‍ കേന്ദ്രത്തിന് വഴങ്ങി സംസ്ഥാനം; ആലോചിച്ച് തീരുമാനിക്കണമെന്ന് ബിനോയ് വിശ്വം, അതൃപ്തി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒടുവില്‍ കേന്ദ്രത്തിന് വഴങ്ങി സംസ്ഥാന സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.വിദ്യാഭ്യാസ പദ്ധതികള്‍ക്കായി കേരളത്തിന് അർഹതപ്പെട്ട കോടിക്കണക്കിന് രൂപയുടെ കുടിശിക നേടിയെടുക്കാൻ മറ്റ് മാർഗമില്ലെന്നും എന്തെങ്കിലും ന്യായം പറഞ്ഞ് ഫണ്ട് കുറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ആണെങ്കിലും രാജ്യത്തെ എല്ലാവർക്കും അവകാശപ്പെട്ടതാണ്. എന്തെങ്കിലും ന്യായം പറഞ്ഞ് ഫണ്ട് വെട്ടിക്കുറയ്ക്കാമെന്നാണ് കേന്ദ്രം ആലോചിക്കുന്നത്. ആ അപകടത്തില്‍ചെന്നുപെടാൻ നമ്മള്‍ ആഗ്രഹിക്കുന്നില്ല. കേന്ദ്രത്തില്‍നിന്ന് 1466 കോടിയാണ് കുടിശിക അടക്കം കിട്ടാനുള്ളതെന്നും ശിവന്‍കുട്ടി പറഞ്ഞു.
സിപിഐയുടെ എതിർപ്പ് മറികടന്നാണ് സർക്കാർ തീരുമാനം. പദ്ധതിയില്‍ ഒപ്പുവെക്കുന്നതിനോട് സിപിഐഎമ്മും പൊതുവിദ്യാഭ്യാസ വകുപ്പും അനുകൂല നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും സിപിഐ കടുത്ത വിയോജിപ്പ് ഉയർത്തിയിരുന്നു. ഇതോടെ രണ്ട് തവണ തീരുമാനത്തില്‍നിന്ന് സർക്കാർ പിന്മാറിയിരുന്നു.
പിഎം ശ്രീ പദ്ധതിനടപ്പാക്കാനുള്ള സർക്കാരിന്റെ തീരുമാനം പത്രവാർത്തയിലൂടെയാണ് അറിഞ്ഞതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിപ്പോർട്ടറിനോട് പറഞ്ഞു. വിഷയത്തില്‍ സിപിഐ നിലപാടില്‍ മാറ്റമില്ല. പിഎം ശ്രീ പദ്ധതിയുടെ കാതല്‍ എൻഇപിയാണ്. അതിന്റെ അടിസ്ഥാനം ആർഎസ്‌എസിന്റെയും ബിജെപിയുടെയും വിദ്യാഭ്യാസ തത്വങ്ങളും കാഴ്ചപ്പാടുകളുമാണ്. കേരളം എല്ലാ രംഗത്തും ഒരുബദല്‍ രാഷ്ട്രീയത്തിന്റെ സംസ്ഥാനമായാണ് കാണുന്നത്. ഡാർവിന്റെ പരിണാമസിദ്ധാന്തംപോലും പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ് സിലബസ് മാറ്റുന്ന ബിജെപി, ചരിത്രം വളച്ചൊടിക്കുന്ന ശാസ്ത്രത്തെ ഭയപ്പെടുന്ന അന്തവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ആർഎസ്‌എസ് നയങ്ങളെ വിദ്യാഭ്യാസ രംഗത്ത് പിഎം ശ്രീയിലുടെ നടപ്പാക്കുന്നതാണ് എൻഇപി. ആ പദ്ധതിയുടെകൂടി ഉള്ളടക്കത്തില്‍ ഒപ്പിട്ടുകൊണ്ടാണോ നമ്മള്‍ പോകുന്നത് എന്നത് വ്യക്തമല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. എൻഇപി അവശ്യഘടകമാണെന്നുണ്ടെങ്കില്‍ അതാണ് വ്യവസ്ഥയെങ്കില്‍ അക്കാര്യം കേരള സർക്കാർ പലവട്ടം ചിന്തിക്കണം. കേരളത്തിലെ സർക്കാർ സാധാരണ സർക്കാരല്ല, ഇന്ത്യയുടെ മുന്നില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ വഴികാണിക്കേണ്ട സർക്കാരാണ്. അതില്‍ വിദ്യാഭ്യാസരംഗം മൗലിക പ്രാധാന്യമുള്ള ഒന്നാണ്. അക്കാര്യം സർക്കാർ പരിഗണിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്നതും ഫണ്ട് കുടിശികയുണ്ടെന്നതും പലകാരണങ്ങള്‍ പറഞ്ഞ് കേന്ദ്രം സംസ്ഥാനത്തെ വരിഞ്ഞുമുറുക്കുകയാണെന്നതും ശരിയാണ്. എന്നാല്‍ അവരുടെ ഏറ്റവും തെറ്റായ വിദ്യാഭ്യാസ നയത്തിന് സമ്മതം മൂളിയാലേ പണം തരൂവെന്ന കേന്ദ്ര നിലപാട് ശരിയല്ല. എൻഇപി എന്ന ഘടകത്തിന്റെ വ്യവസ്ഥയ്ക്ക് വിധേയമായിമാത്രമേ പറ്റുകയുള്ളൂവെന്നുണ്ടെങ്കില്‍ അതേപറ്റി എല്‍ഡിഎഫ് സർക്കാരിന് രാഷ്ട്രീയപരമായും ആശയപരമായും പലവട്ടം ചിന്തിക്കേണ്ട കടമയുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
പിഎം ശ്രീയില്‍ ഒപ്പുവെച്ചാല്‍ കേന്ദ്ര വിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പാക്കേണ്ടി വരുമെന്നും പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകള്‍ക്ക് മുന്നില്‍ പി എം ശ്രീ എന്ന ബോർഡ് വെക്കേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ആദ്യഘട്ടത്തില്‍ ഇതിനെ എതിർത്തിരുന്നത്. എന്നാല്‍ പിഎം ശ്രീയില്‍ ഒപ്പുവെച്ചാലും സിലബസില്‍ നിന്ന് ചരിത്ര വസ്തുതകള്‍ ഒഴിവാക്കുന്നതടക്കമുള്ള കേരളം അംഗീകരിക്കാത്ത ഒരു കാര്യവും ഇവിടെ നടപ്പാക്കില്ലെന്ന് ശിവൻകുട്ടി വിശദീകരിച്ചിരുന്നു. 2022ലാണ് രാജ്യത്തെ 14500 സ്‌കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി എന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ശ്രീ പദ്ധതി പ്രഖ്യാപിച്ചത്.