കാമുകനോട് പിണങ്ങി യുവതി കായലില്‍ ചാടി; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന് യുവാവ്; ഒടുവില്‍ രക്ഷ
കൊല്ലം: കാമുകനോട് പിണങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിക്കും രക്ഷിക്കാന്‍ ശ്രമിച്ച് മുങ്ങിത്താഴ്ന്ന യുവാവിനും രക്ഷകനായി ജലഗതാഗത വകുപ്പിലെ ജീവനക്കാര്‍.ഇന്നലെ രാവിലെ 11.15ന് കൊല്ലം ആശ്രാമം ലിങ്ക് റോഡ് പാലത്തിന് സമീപമാണ് സംഭവം നടന്നത്. കൊല്ലത്ത് ബാങ്ക് കോച്ചിങ്ങിന് പഠിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ രക്ഷിക്കാനായി കായലില്‍ ചാടിയ യുവാവ് മുങ്ങിത്താഴ്ന്നതോടെയാണ് ആ ഭാഗത്തുകൂടി പോകുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാര്‍ രക്ഷയ്‌ക്കെത്തിയത്.
പ്രദേശവാസിയായ രാജേഷാണ് യുവതി കായലിലേയ്ക്ക് ചാടുന്നത് ആദ്യം കാണുന്നത്. ഈ സമയം രാജേഷിന്റെ സുഹൃത്ത് മുനീര്‍ അവിടേയ്ക്ക് എത്തി. യുവതി ചാടിയ കാര്യം രാജേഷ് പറഞ്ഞതോടെ മുനീര്‍ കായലിലേയ്ക്ക് എടുത്തുചാടി. യുവതിയുടെ മുടിയില്‍ പിടിച്ച് പാലത്തിന്റെ തൂണിലേയ്ക്ക് കയറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ സമയം ജലാഗതാഗത വകുപ്പിന്റെ ബോട്ട് അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. രാജേഷും മറ്റുള്ളവരും ബോട്ട് കൈകാട്ടി വിളിച്ചു. ഉടന്‍ തന്നെ ബോട്ട് അവിടേയ്ക്ക് എത്തി. ഈ സമയം മുനീര്‍ തളര്‍ന്നിരുന്നു.
ബോട്ട് ജീവനക്കാരില്‍ ഒരാള്‍ കായലിലേയ്ക്ക് ചാടി യുവതിയെ പിടിച്ചുകയറ്റി. തുടര്‍ന്ന് മുനീറിനായി കയര്‍ ഇട്ടുനല്‍കി. തൊട്ടുപിന്നാലെ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈരാറ്റുപോട്ട സ്വദേശിനിയാണ് യുവതി. കാമുകനുമായി പിണങ്ങിയതിനെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. പള്ളിത്തോട്ടം ഗാന്ധി നഗര്‍ സ്വദേശിയാണ് യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച മുനീര്‍.വെള്ളത്തില്‍ വീഴുന്നവരെ രക്ഷിക്കുന്നതിനായി മുനീര്‍ മുന്‍പ് പരിശീലനം നേടിയിട്ടുണ്ട്. മുന്‍പ് തമിഴ്‌നാട്ടില്‍ കടലില്‍ വീണ ആളെ മുനീര്‍ രക്ഷിച്ചിട്ടുണ്ട്.