ഇന്ത്യക്കാർക്ക് കാനഡ വിസ ലഭിക്കുന്നതിലെ കാലതാമസം കൂടുന്നു

കാനഡയിലേക്ക് വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർ ഇപ്പോൾ നേരിടുന്നത് ശരാശരി 99 ദിവസത്തെ പ്രോസസ്സിംഗ് സമയം. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ ഡാറ്റ അടിസ്ഥാനമാക്കി ഒന്‍റാറിയോ ആസ്ഥാനമായുള്ള വാർത്താ വെബ്‌സൈറ്റായ ‘ഇമിഗ്രേഷൻ ന്യൂസ് കാനഡ’ ആണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇതുപ്രകാരം, പ്രധാന അപേക്ഷാ രാജ്യങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ കാലതാമസം ഇന്ത്യക്കാര്‍ക്കുള്ള വിസയിലാണ്. കനേഡിയൻ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും മാതാപിതാക്കൾക്കും മുത്തശ്ശീമുത്തശ്ശന്മാർക്കും വേണ്ടിയുള്ള സൂപ്പർ വിസയ്ക്ക് അപേക്ഷിക്കുന്നവർ ശരാശരി 169 ദിവസത്തെ കാലതാമസമാണ് നേരിടുന്നത്.

കാനഡയ്ക്ക് പുറത്തുനിന്ന് സമർപ്പിച്ച വിസിറ്റിംഗ് വിസ അപേക്ഷകളിൽ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർ ഇപ്പോൾ 99 ദിവസത്തെ പ്രോസസ്സിംഗ് സമയമാണ് നേരിടുന്നത്. മുമ്പത്തെ കണക്കെടുപ്പ് കാലയളവിനെ അപേക്ഷിച്ച് 13 ദിവസത്തെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിന് വിപരീതമായി, മറ്റ് രാജ്യങ്ങളിലെ അപേക്ഷകർക്ക് വളരെ കുറഞ്ഞ സമയമാണ് ആവശ്യമായി വരുന്നത്. ഉദാഹരണത്തിന്, യുഎസിൽ നിന്നുള്ള അപേക്ഷകർക്ക് ശരാശരി 36 ദിവസവും, നൈജീരിയയ്ക്ക് 27 ദിവസവും, പാകിസ്ഥാന് 59 ദിവസവും, ഫിലിപ്പീൻസിന് 21 ദിവസവുമാണ് പ്രോസസ്സിംഗ് സമയം.
കനേഡിയൻ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും മാതാപിതാക്കൾക്കും മുത്തശ്ശീമുത്തശ്ശന്മാർക്കും വേണ്ടിയുള്ള പ്രത്യേക തരം കനേഡിയൻ വിസയായ സൂപ്പർ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് സാധാരണയായി 169 ദിവസമാണ് പ്രോസസ്സിംഗിന് എടുക്കുന്നത്. ഉയർന്ന അളവിലുള്ള അപേക്ഷകൾ, രാജ്യം തിരിച്ചുള്ള സ്ക്രീനിംഗ്/പശ്ചാത്തല പരിശോധനകൾ, വിഭവങ്ങളുടെ കുറവ്, ഉയർന്ന ഡിമാൻഡുള്ള രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകളുടെ സങ്കീർണ്ണത എന്നിവയാണ് ഈ കാലതാമസത്തിന് കാരണമായി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

