എല്ലാ കണ്ണുകളും ബിഹാറിലേക്ക്; ആര് വാഴും, ആര് വീഴും? വോട്ടെണ്ണൽ തുടങ്ങി, ആത്മവിശ്വാസത്തിൽ മുന്നണികൾ

പാറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങിയത്. ആദ്യ അരമണിക്കൂറിനുള്ളിൽ ഇവ എണ്ണിത്തീരും. ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ച്ച വെച്ച ബിഹാറിൽ ആര് വാഴും, ആര് വീഴുമെന്നതാണ് കാത്തിരിക്കുന്നത്. വളരെ ആത്മവിശ്വാസത്തോടെയാണ് ഇരുമുന്നണികളുടേയും പ്രതികരണം.
സദ്ഭരണം കാഴ്ചവച്ച സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണ് ജെഡിയുവിൻ്റെ ട്വീറ്റ്. മഹാസഖ്യത്തെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും ജനാധിപത്യത്തെ തേജസ്വിയും രാഹുലും ഇനി വെല്ലുവിളിക്കില്ലെന്നും ബിജെപി നേതാക്കൾ പറയുന്നു. പ്രതിപക്ഷസ്ഥാനത്ത് തുടരുന്നതിനായി ആശംസകൾ നേരുന്നുവെന്നും 12 മണിയോടെ ബിജെപിയുടെ ദില്ലി പറ്റ്ന ആസ്ഥാനങ്ങൾ ആഘോഷത്തിമിർപ്പിലാകുമെന്നും നേതാക്കൾ പറയുന്നു. എന്നാൽ മഹാസഖ്യത്തിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചുവെന്നാണ് പപ്പു യാദവിൻ്റെ പ്രതികരണം. എൻഡിഎയ്ക്കെതിരെ ശക്തമായ ജനവികാരമുണ്ടെന്നും എംപി പ്രതികരിച്ചു.

ബിഹാർ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഉയർന്നത് ഭരണമാറ്റത്തിന്‍റെ സൂചനയാണെന്നാണ് മഹാ സഖ്യം വാദിക്കുന്നത്. എന്നാൽ എൻ ഡി എ സർക്കാരിന് വൻ ഭൂരിപക്ഷം ജനങ്ങൾ നൽകുകയാണെന്നാണ് ബി ജെ പി അവകാശപ്പെട്ടത്. ബിഹാർ കാണാൻ പോകുന്നത് എക്സിറ്റ് പോളുകൾക്കുമപ്പുറത്തെ വലിയ മാറ്റമാണെന്ന് ജൻസുരാജ് നേതാവ് പ്രശാന്ത് കിഷോർ പ്രതികരിച്ചത്.
