‘ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തം, കേരളത്തെ കണ്ടുപഠിക്കണം’; ബ്രിട്ടീഷ് വ്‌ളോഗറുടെ വാക്കുകള്‍ വൈറല്‍

കേരളത്തിന് വെറുതെ ലഭിച്ച പേരല്ല, ദൈവത്തിന്റെ സ്വന്തം നാടെന്ന്. വിവേചനമില്ലാതെ അതിഥികളെ ആദരവോടെ കാണുന്ന നമ്മുടെ നാട്ടില്‍ വന്നാല്‍ കടലും, കായലുകളും, ആറുകളും നല്ല ഭക്ഷണവും ഒപ്പം കുറച്ച് നല്ല മനുഷ്യരുടെ സൗഹൃദവുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. അത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായാലും രാജ്യത്ത് നിന്നുള്ളവരായാലും ഭൂരിഭാഗവും ഒരേ അഭിപ്രായമാകും പറയുക. വിദ്യാഭ്യാസത്തിലും വൃത്തിയിലുമെല്ലാം പേരുകേട്ട വ്യത്യസ്തമായ ഒരിടമെന്ന് നമ്മള്‍ അഭിമാനത്തോടെ പറയുമ്പോള്‍, അക്കാര്യം നാടുകാണാനെത്തുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത് കൂടിയാവുമ്പോള്‍ സന്തോഷം ഇരട്ടിക്കുമല്ലേ.

ബ്രിട്ടീഷ് വ്ളോഗറായ അലക്സ് വാണ്ടേഴ്സ് കേരളത്തെ വാനോളം പുകഴ്ത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. കേരളത്തിലെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെത്തിയ വിശേഷങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. വാതോരാതെ കേരളത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്. ഇതുവരെ ഒരു മില്യണിലധികം വ്യൂ എഫ്ബിയില്‍ ലഭിച്ചപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ മൂന്നു മില്യണും കഴിഞ്ഞ് കുതിക്കുകയാണ്.
‘ഞാന്‍ ഇപ്പോള്‍ കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ്. ഞാന്‍ നിങ്ങളോട് പറയുകയാണ് ഈ സ്ഥലം രാജ്യത്തെ മറ്റിടങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. വളരെ ശാന്തമായ, സമാധാനം നിറഞ്ഞ, വൃത്തിയുള്ളിടം. ആളുകളും സൗഹൃദം നിറഞ്ഞവര്‍. തുറന്നുപറഞ്ഞാല്‍ ഇന്ത്യയിലെ മറ്റിടങ്ങള്‍ കേരളത്തെ മാതൃകയാക്കണം..’ ഇങ്ങനെ പറഞ്ഞു പോകുകയാണ് അദ്ദേഹം.

ഈ വീഡിയോക്ക് പിന്നാലെ വാണ്ടേഴ്സിന്റെ മറ്റൊരു വീഡിയോയും മലയാളികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. കമ്മ്യൂണിസത്തെ കുറിച്ചാണ് ഇതില്‍ അദ്ദേഹം പറയുന്നത്. കേരളം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ഭരണമുള്ളിടമാണെന്നും ഇവിടെ കമ്മ്യൂണിസമെന്നാല്‍ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, തുല്യത എന്നെല്ലാമാണ് അര്‍ത്ഥമെന്നും അലക്‌സ് വീഡിയോയില്‍ പറയുന്നു. കമ്മ്യൂണിസം മൂലം കേരളത്തില്‍ മികച്ച സാക്ഷരത, ഏറ്റവും കൂടുതല്‍ മിനിമം വേതനം, വൃത്തിയുള്ള നഗരങ്ങള്‍, എന്നിവയുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.
