മകളുടെ വിവാഹത്തിനെന്ന് പറഞ്ഞ് കാര്‍ വാടകക്കെടുത്തു, തിരികെ നല്‍കാതെ മുങ്ങിയപ്പോള്‍ ജിപിഎസ് വെച്ച് കണ്ടെത്തി; ഉടമയെ ബോണറ്റിലിട്ട് കൊലപ്പെടുത്താനും ശ്രമം ; പ്രതി അറസ്റ്റില്‍

മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടിയാണെന്നും പറഞ്ഞു കാര്‍ വാടകയ്ക്ക് എടുത്തയാള്‍ കാര്‍ തിരിച്ചു നല്‍കാതെ ഉടമയെ കാറിന്റെ ബോണറ്റില്‍ കിടത്തി ഓടിച്ച് സിനിമ സ്‌റ്റൈലില്‍ കൊലപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ വാടകയ്ക്ക് എടുത്ത തൃശ്ശൂര്‍പോട്ടോര്‍ അബൂബക്കര്‍(57) നെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളി രാവിലെ കടങ്ങോട് പഞ്ചായത്തിലെ തിപ്പിലശ്ശേരിയില്‍ വച്ചായിരുന്നു സംഭവം. ജിപിഎസ് വെച്ച് ഇവിടെ കാറ് കണ്ടെത്തിയ ഉടമ ആലുവ സ്വദേശി സോളമന്‍ തന്റെ സുഹൃത്തായ ഒരു വര്‍ക്ഷോപ്പ് കാരനെയും കൊണ്ട് സ്ഥലത്ത് എത്തി കാര്‍ തിരിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ അബൂബക്കര്‍ വണ്ടി സ്റ്റാര്‍ട്ട് ആക്കുകയായിരുന്നു. തുടര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ മുന്‍വശത്തെ ബോണറ്റില്‍ കിലോമീറ്ററുക ളോളം സോളമന്‍ തൂങ്ങിക്കിടന്നു.
തുടര്‍ന്ന് എരുമപ്പെട്ടി പൊലീസ് സ്റ്റേഷന്‍ സമീപത്തുവച്ച് നാട്ടുകാരുടെ സഹായത്തോടെ വണ്ടി തടഞ്ഞു നിര്‍ത്തുകയും അബൂബക്കറിനെ പിടികൂടുകയുമായിരുന്നു. എറണാകുളത്ത് മെട്രോ പരിസരത്ത് കാര്‍ വാടകയ്ക്ക് നല്‍കുന്ന സോളാറിന്റെ കയ്യില്‍ നിന്നാണ് കഴിഞ്ഞ ഒക്ടോബര്‍ 21ന് അബൂബക്കര്‍ കാര്‍ വാടകയ്ക്ക് എടുത്തത്. സോളമനില്‍ നിന്നും കാര്‍ വാടകയ്ക്ക് എടുത്ത അബൂബക്കര്‍ തിപ്പലശ്ശേരിയിലുള്ള ഒരു സ്ഥലം കച്ചവടമാക്കി നല്‍കാമെന്നും അല്ലെങ്കില്‍ കാര്‍ വില്‍പ്പന ചെയ്തു തരാം എന്നും സോളമനോട് പറഞ്ഞു.
തുടര്‍ന്ന് കാര്‍ ലഭിക്കാതെ വന്നപ്പോള്‍ സോളമന്‍ ആലുവ ബിനാനി സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് അബൂബക്കര്‍ തൃശ്ശൂരിലെ ഒരു സ്വകാര്യ വര്‍ക്ക് ഷോപ്പില്‍ വച്ച് വണ്ടിയുടെ ജിപിഎസ് അഴിച്ചുമാറ്റാന്‍ ശ്രമിക്കുകയും, ഫോണിലേക്ക് മെസ്സേജ് വന്നതിനെ തുടര്‍ന്ന് സോളമന്‍ വര്‍ക്ക് ഷോപ്പ് ഉടമയെ ബന്ധപ്പെടുകയും പിന്നീട് കാറിനെ പിന്തുടരുകയും ആയിരുന്നു. അബൂബക്കര്‍ കാറുമായി പെരിന്തല്‍മണ്ണയില്‍ നിന്നും തിപ്പലശേ ശ്ശേരിയില്‍ എത്തിയത് അറിഞ്ഞ് ജിപിഎസ് പ്രകാരം പിന്തുടര്‍ന്നാണ് കാര്‍ പിടികൂടാന്‍ കഴിഞ്ഞത്. അബൂബക്കറിന്റെ അറസ്റ്റിനുശേഷം എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലേക്ക് നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായവര്‍ പരാതിയുമായി എത്തിയത്.

