2025 ലെ ഇന്ത്യക്കാരുടെ സെര്‍ച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിള്‍! ഐപിഎല്‍ മുതല്‍ മലയാളിയുടെ മാര്‍ക്കോയും ഇഡലിയും വരെ ലിസ്റ്റില്‍

2025 അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, ഈ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്തതെന്താണെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിള്‍. ഗൂഗില്‍ ട്രെന്‍ഡ്‌സില്‍ ഇന്ത്യയെന്ന ഓപ്ഷന്‍ നല്‍കുമ്പോള്‍ ‘India’s Year in Search 2025: The A to Z of Trending Searches’ ലഭിക്കും. ഈയടുത്ത് അന്തരിച്ച ധര്‍മ്മേന്ദ്ര മുതല്‍ മഹാ കുംഭമേളയും ഇഡലിയും ഓപ്പറേഷന്‍ സിന്ദൂറും വരെ ലിസ്റ്റിലുണ്ട്. ഐപിഎല്‍ തന്നെ ആണ് ഈ വര്‍ഷവും ഇന്ത്യക്കാര്‍ എറ്റവും കൂടുതല്‍ തെരഞ്ഞ വാക്ക്. കഴിഞ്ഞ വര്‍ഷവും ആദ്യ സ്ഥാനത്ത് ഐപിഎല്‍ തന്നെയായിരുന്നു. വാര്‍ത്താ സംഭവമെന്ന നിലയില്‍ എറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട വാക്ക് മഹാ കുംഭമേളയാണ്. എറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട പേര് യുവ ക്രിക്കറ്റ് താരമായ വൈഭവ് സൂര്യവംശിയുടേതാണ്.

ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സിനിമ സയ്യാര ആണ്. രണ്ടാം സ്ഥാനത്ത് കാന്താരയുമുണ്ട്. മൂന്നാം സ്ഥാനത്ത് രജനീകാന്തിന്റെ കൂലിയുമുണ്ട്. അതേ സമയം മലയാളി താരം ഉണ്ണി മുകുന്ദന്റെ മാര്‍കോ ആറാം സ്ഥാനത്തുണ്ട്. ആളുകളെ സെര്‍ച്ച് ചെയ്യുന്നതില്‍ ഭൂരിഭാഗവും ക്രിക്കറ്റ് താരങ്ങളുടെ പേരുകളാണ്. വൈഭവ് കൂടാതെ പ്രിയാന്‍ഷ് ആര്യ, അഭിഷേക് ശര്‍മ, ഷെയ്ക് റഷീദ് എന്നിവരെല്ലാം പിന്നാലെയുണ്ട്. വനിതാ താരങ്ങളായ ജെമിനാ റോഡ്രിഗസും സ്മൃതി മന്ദാനയും ലിസ്റ്റിലുണ്ട്. സെര്‍ച്ച് ചെയ്ത എഐകളില്‍ മുന്നിട്ട് നില്‍ക്കുന്നത് ജെമിനി, ജെമിനി ഫോട്ടോ, ഗ്രോക് എന്നിവയാണ്. ഐപിഎല്ലിന് പിന്നാലെ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഏഷ്യാ കപ്പും, ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുമാണ്.
വാര്‍ത്തകളില്‍ കുംഭമേള കഴിഞ്ഞാല്‍ ഏറ്റവും കൂടുതലാളുകള്‍ തിരഞ്ഞത് ധര്‍മേന്ദ്ര, ബിഹാര്‍ ഇലക്ഷന്‍ ഫലം, ഇന്ത്യ- പാക് വാര്‍ത്തകള്‍ എന്നിവയാണ്. ഓപ്പറേഷന്‍ സിന്ദൂറും പഹല്‍ഗാമുമെല്ലാം ആദ്യ പത്തിലുണ്ട്. സ്ഥലങ്ങളില്‍ മഹാകുംഭമേള, ഫിലിപ്പീന്‍സ്, ജോര്‍ജിയ, മൗറീഷ്യസ്, കശ്മീര്‍ തുടങ്ങിയവ ആദ്യ 10ല്‍ ഇടം നേടി. ഭക്ഷണ വിഭവങ്ങളില്‍ ഇഡ്‌ലിയാണ് മുന്നില്‍. കോക്ക്‌ടെയില്‍ ആയ പോണ്‍സ്റ്റാര്‍ മാര്‍ട്ടിനി, മോദകം, കുക്കീസ് വിഭാഗത്തില്‍ പെടുന്ന തെക്കുവ തുടങ്ങിയവ ഉള്‍പ്പെടുന്നു. ബീട്ട്‌റൂട്ട് കഞ്ഞി ആറാം സ്ഥാനത്താണ്. അതേ സമയം, ഈ വിഭാഗത്തില്‍ തിരുവാതിരൈക്കളിയുമുണ്ട്. എന്നാല്‍ ഇത് മലയാളികളുടെ തിരുവാതിരക്കളിയല്ല, തമിഴ്‌നാട്ടില്‍ ഉണ്ടാക്കുന്ന ഒരു പ്രത്യേക തരം മധുര പലഹാരമാണ് തിരുവാതിരൈക്കളി.

ഇനി എന്താണ് വഖഫ് ബില്‍, എന്താണ് ഓപ്പറേഷന്‍ സിന്ദൂര്‍, എന്താണ് മോക്ക് ഡ്രില്‍, എന്താണ് എസ്‌ഐആര്‍ എന്നുമെല്ലാമാണ് ഇന്ത്യക്കാര്‍ തിരഞ്ഞിട്ടുള്ളത്. വെടിനിര്‍ത്തല്‍, മോക്ക് ഡ്രില്‍, പൂക്കി, മെയ്ദിനം, 5201314 എന്ന സംഖ്യ ചൈനീസില്‍ അര്‍ത്ഥമാക്കുന്നതെന്താണ്, സ്റ്റാംപീഡ് എന്നിവയുടെയെല്ലാം അര്‍ത്ഥങ്ങളും ഏറെ സെര്‍ച്ച് ചെയ്യപ്പെട്ടു. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയിലെ ഭാഷകളെയും സംസ്‌കാരങ്ങളെയും പോലെത്തന്നെ വൈവിധ്യം നിറഞ്ഞതാണ് ഇന്ത്യക്കാരുടെ ഗൂഗിള്‍ സെര്‍ച്ചും എന്ന് സാരം.
