വെട്ടത്ത് യുഡിഎഫ് നേടിയത് ചരിത്രവിജയം; സി പി എം കുത്തകയാക്കിയ എല്ലാ കോട്ടകളും ഇളക്കി മറിച്ചു

തിരൂർ : പരമ്പരാഗത ഇടതുപക്ഷ കോട്ടകൾ ഇളക്കി മറിച്ചാണ് വെട്ടത്ത് യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചിരിക്കുന്നത്. ചരിത്രം സൃഷ്ടിച്ചും കോട്ടകൾ ഇളക്കിയും വെട്ടത്തെ ജയം യുഡിഎഫിന് മാറ്റ് കൂട്ടി. പഞ്ചായത്ത് രൂപീകരിച്ച ശേഷം 2020 ൽ ആണ് പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടമായത്. അത് ഇത്തവണ വൻ ഭൂരിപക്ഷത്തിൽ തിരിച്ചു പിടിച്ചിരിക്കുകയാണ്.

22 വാർഡുകളിൽ 17 സീറ്റിൽ യുഡിഎഫും 5 സീറ്റിൽ എൽഡിഎഫുമാണ് വിജയിച്ചത്.
ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവാണ് വെട്ടം പഞ്ചായത്തിൽ യുഡിഎഫ് നടത്തിയിരിക്കുന്നത്. 1964 ൽ പഞ്ചായത്ത് രൂപീകൃതമായത് മുതൽ സി പി എമ്മിൻ്റെ പ്രമഖ നേതാക്കൾ കൈവശം വെച്ചു വന്നിരുന്ന ഉരുക്കുകോട്ടയായ പച്ചാട്ടിരി (വാർഡ് നാല്) മുസ്ലിം ലീഗിൻ്റെ , യുഡിഎഫ് സ്വതന്ത്രൻ സി.പി ഇസ്മായിലിലൂടെ തിരിച്ചു പിടിച്ചിരിക്കുകയാണ്. ഒരിക്കലും ഇളകാത്ത കോട്ടയായി കരുതിപ്പോരുന്ന കോട്ടേക്കാട്, കാനൂർ , പടിയം തുടങ്ങിയ വാർഡുകളിലും യുഡിഎഫ് വിജയക്കൊടി പാറിച്ചു.
തീരദേശ വാർഡുകളിൽ രണ്ട് സീറ്റിൽ സി പി എമ്മിന് ഒതുങ്ങേണ്ടി വന്നു. ചരിത്രത്തിൽ ആദ്യമായാണ് 17 സീറ്റുകൾ പഞ്ചായത്തിൽ യുഡിഎഫ് നേടുന്നത്. ഇതിൽ മിന്നും വിജയം നേടിയ മുസ്ലീംലീഗിന് അഭിമാന നിമിഷമാണ്. യുഡിഎഫ് മത്സരിച്ച ബ്ലോക്ക് , ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും മികച്ച വിജയം കരസ്ഥമാക്കാൻ യുഡിഎഫിന് സാധിച്ചു.

യുഡിഎഫിൻ്റെ ഐക്യത്തോടെയും ചടുലവുമായ പ്രവർത്തനമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് നേതാക്കൾ പ്രതികരിച്ചു. വാർഡുകളിലും പഞ്ചായത്തുകളിലും യുഡിഎഫ് പ്രവർത്തകർ വിജയാഘോഷങ്ങൾ നടത്തിവരികയാണ്.
