കീഴേടത്തിൽ ഇബ്രാഹീം ഹാജി ഇനി തിരൂർ നഗരസഭാ ചെയർമാൻ; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു

തിരൂർ : കീഴേടത്തിൽ ഇബ്രാഹീം ഹാജിയെ തിരൂർ നഗരസഭാ ചെയർമാനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേർന്ന മുസ്ലീം ലീഗ് തിരൂർ മുനിസിപ്പൽ പാർലമെൻ്ററി യോഗത്തിൽ ഐക്യഘണ്ഠേന തെരെഞ്ഞെടുത്ത ഇബ്രാഹീം ഹാജിയെ ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു.

പ്രഖ്യാപനത്തെ തക്ബീർ മുഴക്കി പ്രവർത്തകർ വരവേറ്റു.
മുസ്ലീം ലീഗ് തിരൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് കൂടിയായ ഇബ്രാഹീം ഹാജി ആദ്യമായാണ് മത്സര രംഗത്ത് എത്തുന്നത്.
ദീർഘകാലം പ്രവാസിയായിരുന്ന ഇബ്രാഹീം ഹാജി കെ.എം.സി.സിയുടെ പ്രവർത്തന മേഖലയിൽ സജീവമായിരുന്നു. തിരൂർ ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി വൈസ് ചെയർമാൻ, സമസ്തയുടെ വിവിധ പോഷക ഘടകങ്ങളുടെ നേതൃസ്ഥാനം, സുപ്രഭാതം ദിനപത്രം ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ പദവികൾ വഹിക്കുന്ന ഇബ്രാഹീം ഹാജി തിരൂർ നഗരസഭയുടെ അമരത്ത് എത്തുന്നതിൽ ആവേശത്തിലാണ് പ്രവർത്തകരും നാട്ടുകാരും.

