‘ മുഹമ്മദ് റിയാസിനെതിരെ മത്സരിപ്പിക്കണം’; പി വി അന്‍വറിന് സ്വാഗതമോതി ബേപ്പൂരില്‍ ഫ്ളക്സ് ബോര്‍ഡുകള്‍

യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതിന് പിറകെ പി വി അന്‍വറിന് സ്വാഗതമോതി കോഴിക്കോട് ബേപ്പൂരില്‍ ഫ്ലക്സ് ബോര്‍ഡുകള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍, മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കണമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ആവശ്യം.

മുന്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ അസോസിയേറ്റ് അംഗമാക്കാന്‍ യുഡിഎഫ് ഏകോപന സമിതി യോഗം തീരുമാനമെടുത്തതിന് പിറകെയാണ് വിവിധ ഇടങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടത്. ബേപ്പൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തും പാര്‍ക്കിനോട് ചേര്‍ന്നും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പി വി അന്‍വറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നാണ് ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി എ മുഹമ്മദ് റിയാസിനും എതിരെ പി വി അന്‍വര്‍ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് മിനി ക്യാബിനറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന് നേതൃത്വം നല്‍കുന്നത് മുഹമ്മദ് റിയാസ് ആണ് എന്നുമായിരുന്നു അന്‍വറിന്റെ പരാമര്‍ശം. റിയാസിനെതിരെ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ബേപ്പൂരില്‍ അന്‍വര്‍ തന്നെ മത്സരിക്കണം എന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ആവശ്യം.
എന്നാല്‍, അന്‍വറിന്റെ വാക്കുകള്‍ അതിരു കടക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ താക്കീത് നല്കുന്നു. പാര്‍ട്ടിയ്ക്ക് വിരുദ്ധമായി അന്‍വര്‍ സംസാരിക്കരുതെന്നും യുഡിഎഫിനെ വഴിയമ്പലമായി കാണരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. അന്‍വറിനെ സ്വാഗതം ചെയ്യുമ്പോഴും, യുഡിഎഫില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പും പ്രകടമാണ്.

