ബികെ ബന്‍സല്‍ മുതല്‍ സിജെ റോയ് വരെ ; കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനിടെ ജീവനൊടുക്കിയത് നിരവധി പ്രമുഖര്‍

ഇന്ത്യന്‍ ബിസിനസ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഇന്നലെ ആ മരണവാര്‍ത്ത പുറത്തുവന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് സിജെ റോയ്, ബെംഗളൂരുവില്‍ കമ്പനി ആസ്ഥാനത്തെ കോര്‍പറേറ്റ് ഓഫീസിനകത്ത് വച്ച് സ്വയം വെടിവച്ച് ജീവനൊടുക്കി! അതും ഓഫീസില്‍ ആദായ നികുതി റെയ്ഡ് നടക്കുന്നതിനിടെ. ഇതോടെ സമാന സാഹചര്യത്തില്‍, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുന്നതിനിടെ ജീവനൊടുക്കിയ മറ്റ് ചില പേരുകള്‍ കൂടി ചര്‍ച്ചയാകുന്നുണ്ട്. ആരാണവര്‍?

മനോജ് പാര്‍മര്‍ (വ്യവസായി, മധ്യപ്രദേശ്) – 2024 ഡിസംബര്‍
മധ്യപ്രദേശിലെ പ്രമുഖ വ്യവസായിയായ മനോജ് പാര്‍മറിനെയും ഭാര്യ നേഹയെയും സേഹോര്‍ ജില്ലയിലെ വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് കാരണം ഇഡിയുടെയും ബിജെപി നേതാക്കളുടെയും ഭാഗത്ത് നിന്നുള്ള സമ്മര്‍ദമാണെന്ന് അദ്ദേഹം ആത്മഹത്യാക്കുറിപ്പില്‍ ആരോപിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തന്റെ മക്കളെ സംരക്ഷിക്കണമെന്ന് രാഹുല്‍ ഗാന്ധിയോടും കോണ്‍ഗ്രസ് നേതാക്കളോടും അദ്ദേഹം ആത്മഹത്യാക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.
വിജി സിദ്ധാര്‍ത്ഥ (കഫേ കോഫി ഡേ) – 2019 ജൂലൈ
ഇന്ത്യന്‍ ബിസിനസ് ലോകത്ത്, ഇന്ത്യയുടെ കോഫി കിങ് എന്ന വിശേഷണം നേടി സ്വന്തം ഇരിപ്പിടം ഉറപ്പിച്ച ബിസിനസുകാരനായിരുന്നു വിജി സിദ്ധാര്‍ത്ഥ. എന്നാല്‍ മംഗളൂരുവില്‍ നിന്ന് നേത്രാവതി പുഴയില്‍ ചാടി അദ്ദേഹം പെട്ടെന്നൊരു ദിവസം ജീവനൊടുക്കി. ആദായനികുതി വകുപ്പിന്റെ മുന്‍ ഉദ്യോഗസ്ഥരില്‍ നിന്നുള്ള സമ്മര്‍ദ്ദവും തന്റെ ഓഹരികള്‍ കണ്ടുകെട്ടിയതും തന്നെ തളര്‍ത്തിയെന്ന് അദ്ദേഹം തന്റെ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം കഫേ കോഫി ഡേ വീണ്ടും ബിസിനസ് രംഗത്ത് വലിയ കുതിപ്പോടെ ഉയര്‍ന്നുവന്നുവെന്നത് ചരിത്രം.

ബികെ ബന്‍സല്‍ (മുന്‍ ഡി.ജി, കോര്‍പ്പറേറ്റ് അഫയേഴ്സ്) – 2016 സെപ്റ്റംബര്‍
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കെതിരായ അന്വേഷണം അട്ടിമറിക്കാന്‍ ഇവരില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ സിബിഐ ബന്‍സലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ ഭാര്യയും മകളും ജീവനൊടുക്കിയത്. രണ്ട് മാസത്തിന് ശേഷം ബന്‍സലും മകനും ഇതേ വഴിയില്‍ ജീവിതം അവസാനിപ്പിച്ചു. താമസിച്ചിരുന്ന ഫ്ലാറ്റിലാണ് നാല് പേരും ജീവിതം അവസാനിപ്പിച്ചത്. ആത്മഹത്യാക്കുറിപ്പില്‍ സിബിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചാണ് ബന്‍സലിനെതിരെ സിബിഐ രംഗത്ത് വന്നത്.
