സ്വര്‍ണവില കുറയുമെന്ന് പ്രതീക്ഷ; നിര്‍ണായക നീക്കവുമായി ട്രംപ്; യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ തലപ്പത്ത് കെവിന്‍ വാര്‍ഷ് ചുമതലയേല്‍ക്കും

വാഷിങ്ടണ്‍: അമേരിക്കയില്‍ കേന്ദ്ര ബാങ്കിന്റെ തലപ്പത്തേക്ക് കെവിന്‍ വാര്‍ഷിനെ നാമനിര്‍ദേശം ചെയ്ത് ട്രംപ്. യുഎസ് ഫെഡറല്‍ റിസര്‍വ് എന്നറിയപ്പെടുന്ന സെന്‍ട്രല്‍ ബാങ്കിന്റെ ചെയര്‍മാനായാണ് നിയമനം. മെയ് മാസത്തില്‍ നിലവിലെ ചെയര്‍മാനായ ജെറോം പവല്‍ സ്ഥാനമൊഴിയുന്ന മുറയ്ക്ക് കെവിന്‍ വാര്‍ഷ് ഈ സ്ഥാനത്ത് നിയമിതനാകും. പലിശ നിരക്ക് കുറയ്ക്കാത്തതുമായി ബന്ധപ്പെട്ട് ട്രംപിന്റെ ശത്രുതയ്ക്ക് ഇരയായ ഉദ്യോഗസ്ഥനാണ് ജെറോം പവല്‍.

ആഗോള ഓഹരി വിപണികളുടെ ഇപ്പോഴത്തെ സ്ഥിതി കടുത്ത പ്രതിസന്ധിയിലാണ്. ട്രംപിന്റെ രാഷ്ട്രീയ നയങ്ങളാണ് ഇതിന് പ്രധാന കാരണം. ഇറാന്‍, കാനഡ, ഗ്രീന്‍ലാന്‍ഡ്, തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്ക സംഘര്‍ഷത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയാണ് അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ഓഹരി വിപണികളില്‍ നിന്ന് നിക്ഷേപകരെ പിന്നോട്ട് വലിപ്പിച്ചത്. പിന്നാലെ കൂട്ടമായി സ്വര്‍ണത്തിലേക്ക് നിക്ഷേപമെത്തിയത് സ്വര്‍ണവില ഉയരാന്‍ കാരണമായി. ഈ ഘട്ടത്തിലെല്ലാം അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കിനോട് പലിശ നിരക്ക് കുറയ്ക്കാന്‍ ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ ജെറോം പവല്‍ അണുവിട അനങ്ങിയില്ല. ഒടുവില്‍ ജെറോം പവലിനെതിരെ ട്രംപ് കേസെടുപ്പിച്ചു. മന്ദബുദ്ധിയെന്നും വിഡ്ഢിയെന്നും പവലിനെ ട്രംപ് അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
പലിശ നിരക്ക് കുറച്ചെങ്കിലേ ഓഹരി വിപണി വീണ്ടും സജീവമാകൂ. എങ്കിലേ സ്വര്‍ണവില കുറയുകയുള്ളൂ. ഇതാണ് കെവിന്‍ വാര്‍ഷിന്റെ നിയമനത്തിന്റെ പ്രസക്തി. വിപണിയെ ദുര്‍ബലപ്പെടുത്താത്ത നിലയിലും വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിച്ചുകൊണ്ട് സാമ്പത്തിക പരിഷ്‌കരണം നടപ്പാക്കുന്നതില്‍ കെവിന്‍ വാര്‍ഷിന് ജയിക്കാനാവുമോയെന്നാണ് ഉറ്റുനോക്കുന്നത്. ആഗോള രാഷ്ട്രീയ പ്രതിസന്ധിക്കെല്ലാം പിന്നില്‍ നില്‍ക്കുന്ന ട്രംപിന്, ഓഹരി വിപണികളെ പിടിച്ചുനിര്‍ത്താന്‍ ഇനി ഫെഡറല്‍ റിസര്‍വിനെ ഒപ്പം നിര്‍ത്തിയേ പറ്റൂ. ഈ നീക്കം നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുമോയെന്നാണ് ഉറ്റുനോക്കുന്നത്.

