വീണ്ടും ഹണിമൂണ്‍ കൊലപാതകം; യുവാവിനെ വാഹനമിടിപ്പിച്ചു കൊന്ന ഭാര്യയും കാമുകനും പിടിയില്‍

ജയ്പൂര്‍: നവവരന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാമുകനൊപ്പം ജീവിക്കാന്‍ ഭാര്യയും സംഘവും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. മേഘാലയയിലെ ‘ഹണിമൂണ്‍ കൊലപാതക’ കേസിന് സമാനമാണ് രാജസ്ഥാനിലെ ശ്രീഗംഗാനഗറിലുണ്ടായ ഈ സംഭവം.

ജനുവരി 30-ന് രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. നവദമ്പതികളായ ആശിഷും അഞ്ജുവും രാത്രി ഭക്ഷണത്തിന് ശേഷം നടക്കാനിറങ്ങിയപ്പോള്‍ അജ്ഞാത വാഹനം ഇടിച്ചതാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആശിഷ് (27) മരിച്ചു. അജ്ഞാതര്‍ തന്റെ ആഭരണങ്ങള്‍ കവര്‍ന്നെന്നും വാഹനം ഇടിച്ചതിനെത്തുടര്‍ന്ന് താന്‍ ബോധരഹിതയായെന്നുമാണ് 23-കാരിയായ അഞ്ജു പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ അഞ്ജുവിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. വാഹനമിടിച്ചുള്ള പരിക്കുകള്‍ക്ക് പുറമെ ആശിഷിന്റെ കഴുത്തില്‍ ശ്വാസം മുട്ടിച്ചതിന്റെ പാടുകള്‍ കണ്ടെത്തി. അഞ്ജുവിനാകട്ടെ പരിക്കുകളൊന്നും ഏറ്റിരുന്നില്ല. അഞ്ജു അയല്‍വാസിയായ സഞ്ജു എന്ന യുവാവുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍ പൊലീസ് കണ്ടെത്തി.

മൂന്ന് മാസം മുന്‍പായിരുന്നു ആശിഷിന്റെയും അഞ്ജുവിന്റെയും വിവാഹം. അഞ്ജു കാമുകനായ സഞ്ജുവുമായി ചേര്‍ന്ന് ഭര്‍ത്താവിനെ വകവരുത്താന്‍ പദ്ധതിയ തയ്യാറാക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവ ദിവസം രാത്രി അഞ്ജു ആശിഷിന് മദ്യം നല്‍കിയ ശേഷമാണ് നടക്കാന്‍ ഇറങ്ങിയത്. നേരത്തെ ആസൂത്രണം ചെയ്ത പ്രകാരം സഞ്ജുവും കൂട്ടുകാരും ആളൊഴിഞ്ഞ റോഡില്‍ കാത്തുനിന്നു. ആശിഷിന്റെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം വാഹനാപകടമെന്ന് വരുത്താന്‍ കാറിടിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കവര്‍ച്ചക്കിടെയാണ് സംഭവമനെന്ന് വരുത്താന്‍ സ്വന്തം ഫോണും ആഭരണങ്ങളും അഞ്ജു പ്രതികള്‍ക്ക് കൈമാറി. തുടര്‍ന്ന് റോഡില്‍ കിടന്ന് ബോധരഹിതയായി അഭിനയിച്ചു.
