Shobhika

മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ വനിതാ ഡോക്ടര്‍ വൈറ്റിലയില്‍; കുടുംബത്തെ കണ്ടെത്തി


കൊച്ചി: തമിഴ്‌നാട്ടില്‍ നിന്ന് മാസങ്ങള്‍ക്ക് മുൻപ് കാണാതായ വനിതാ ഡോക്ടറെ കൊച്ചിയില്‍ നിന്ന് കണ്ടെത്തി കുടുംബത്തിനൊപ്പം അയച്ച്‌ പൊലീസ്.39കാരിയായ നാഗർകോവില്‍ സ്വദേശിനിയെയാണ് പൊലീസ് ഫെബ്രുവരി ഒന്നിന് വൈറ്റില ഹബ്ബില്‍നിന്ന് കണ്ടെത്തിയത്. രാത്രി 10 മണിയോടെ വൈറ്റില ഹബ്ബില്‍ കരഞ്ഞിരിക്കുകയായിരുന്ന യുവതിയെ കണ്ട് അസ്വാഭാവികത തോന്നിയ ചിലർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെ കണ്‍ട്രോള്‍ റൂം സംഘം ഇടപെടുകയും ഇവരെ വനിതാ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.

ഇവർക്ക് സ്വന്തം പേരും താമസിച്ചിരുന്ന സ്ഥലത്തിന്റെ പേരും മാത്രമേ ഓർമയില്‍ ഉണ്ടായിരുന്നുള്ളു. യുവതിയില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ താമസസ്ഥലത്തെത്തിയ പൊലീസ് ഇവിടെ നിന്നും ആധാർ കാർഡും ഫോണും ബാഗും ആടക്കമുള്ള സാധനങ്ങള്‍ കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈലില്‍നിന്ന് ലഭിച്ച നമ്പറിലേക്ക് പൊലീസ് ബന്ധപ്പെട്ടു. ഇത് യുവതിയുടെ മുൻ ഭർത്താവിന്റെ നമ്പറായിരുന്നു. ഇരുവരും ബന്ധം വേർപിരിഞ്ഞതാണെന്ന് ഇയാള്‍ പൊലീസിനെ അറിയിച്ചു. തുടർന്ന് ഇയാളില്‍ നിന്നും യുവതിയുടെ രക്ഷിതാക്കളുടെ നമ്പർ ലഭിച്ച പൊലീസ് ഇവരുമായി ബന്ധപ്പെടുകയായിരുന്നു. ഇവരില്‍ നിന്നാണ് യുവതിയെ കാണാതായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് നാഗർകോവില്‍ പൊലീസ് കേസ് എടുത്തിരുന്നുവെന്നും മനസിലായത്.

1 st paragraph

യുവതി കൊച്ചിയിലുണ്ടെന്ന സൂചന ലഭിച്ച കുടുംബം ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ എത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താൻ കഴിയാതെ തിരിച്ച്‌ മടങ്ങുകയായിരുന്നു. പൊലീസിന്റെ ഇടപെടലിന് പിന്നാലെ കുടുംബമെത്തി യുവതിയുമായി തമിഴ്‌നാട്ടിലേക്ക് മടങ്ങി.