വെള്ളത്തിന് മുകളിലൂടെ പറക്കാം; പുതിയ യാത്രാ സംവിധാനവുമായി അബുദബി ഭരണകൂടം

വെള്ളത്തിന് മുകളിലൂടെ പറക്കാന്‍ പുതിയ യാത്രാ സംവിധാനവുമായി അബുദബി ഭരണകൂടം. വേഗത്തിലുളള യാത്രക്കായി ഇലക്‌ട്രിക്, ഹൈ-സ്പീഡ് മറൈന്‍ വാഹനമായ സീഗ്ലൈഡറുകളാണ് പുതിയതായി അവതരിപ്പിക്കുന്നത്.2028 ഓടെ എമിറേറ്റിലുടനീളം പദ്ധതി വ്യാപിപ്പിക്കാനാണ് ശ്രമം. ഇത് സംബന്ധിച്ച കരാറും നിലവില്‍ വന്നു.
പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന, അതിവേഗ സീഗ്ലൈഡറുകള്‍ ജലോപരിതലത്തിന് തൊട്ടുമുകളിലൂടെയാകും സഞ്ചരിക്കുക. യാത്രാ സമയം വലിയ തോതില്‍ കുറക്കാനാകും എന്നതാണ് ഈ അത്യാധനുക സംവിധാനത്തിന്റെ പ്രത്യേകത. ആദ്യഘട്ടത്തില്‍ അബുദബി സിറ്റിക്കും അല്‍ ദഫ്ര മേഖക്കും ഇടയിലുള്ള റൂട്ടുകളിലാകും പദ്ധതി നടപ്പിലാക്കുക. പീന്നീട് രാജ്യം മുഴുവന്‍ ഇത് വ്യാപിപ്പിക്കാനാണ് തീരുമാനം.

എമിറേറ്റിലെ തീരദേശ ഗതാഗതവും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. അബുദബി സാംസ്‌കാരിക, ടൂറിസം വകുപ്പ്, അബുദബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസ്, ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍, വെര്‍സ അഡ്വാന്‍സ്ഡ് മാരിടൈം സര്‍വീസസ് എന്നിവര്‍ തമ്മില്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. 2028 ഓടെ സീഗ്ലൈഡര്‍ പ്രവര്‍ത്തന സജ്ജമാകും.
യുഎഇയിലെ ആദ്യത്തെ സീഗ്ലൈഡര്‍ ഓപ്പറേറ്ററായ വെര്‍സ 2022 മുതല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളിലാണ്. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതി സാഹയിക്കുമെന്നാണ് വിലയിരുത്തല്‍. കര, വായു, കടല്‍ എന്നിവയിലുടനീളം സ്മാര്‍ട്ട്, സുസ്ഥിര മൊബിലിറ്റി വ്യാപിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് പദ്ധതിയെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുള്ള ഹമദ് അല്‍ ഗ്ഫെലി പറഞ്ഞു. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനൊപ്പം മലിനീകരണം കുറവുമായിരിക്കും എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.

