പത്തുവര്‍ഷത്തിനുള്ളില്‍ ചെറിയമുണ്ടം പഞ്ചായത്തില്‍ നടപ്പാക്കിയത് 424 കോടിയുടെ വികസനം: മന്ത്രി വി. അബ്ദുറഹ്മാൻ

പത്തുവര്‍ഷത്തിനുള്ളില്‍ ചെറിയമുണ്ടം പഞ്ചായത്തില്‍ മാത്രം നടപ്പാക്കിയത് 424 കോടിയുടെ വികസനമെന്ന് കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു.

താനൂര്‍ മണ്ഡലത്തില്‍ തിരൂര്‍ പുഴക്ക് കുറുകെ ചെറിയമുണ്ടം പഞ്ചായത്തിലെ ഇപ്പുട്ടുങ്ങല്‍ ചുങ്കം റോഡിനെയും തിരൂര്‍ നഗരസഭയിലെ എം.ഇ.ടി സ്‌കൂള്‍ റോഡിനെയും ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്റെ നിര്‍മാണോദ്ഘാടനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. എം.എല്‍.എ ഫണ്ടില്‍നിന്ന് 822 ലക്ഷത്തിലേറെ രൂപയിലധികം പഞ്ചായത്തില്‍ ചിലവഴിച്ചു. കുടിവെള്ളം, റോഡുകള്‍, വിദ്യാലയം എന്നിവയില്‍ പുരോഗതി ഉണ്ടാക്കാന്‍ സാധിച്ചു. നടപ്പാലം വരുന്നതോടെ ചെറിയമുണ്ടത്ത് നിന്നും എളുപ്പത്തില്‍ ആലിന്‍ചുവട് എത്തിച്ചേരാന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന റോഡ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
തലക്കടത്തൂരില്‍ നടന്ന നടപ്പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ സാധ്യമാകുന്ന എല്ലാ കാര്യങ്ങളും നടന്ന പത്തുവര്‍ഷമാണ് കടന്നുപോയതെന്നും നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ചുപോയ പല പദ്ധതികളും നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പി.ഡബ്ലിയു.ഡി പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.ആര്‍ ജയരാജ് സ്വാഗതം പറഞ്ഞു. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ്, ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് പി.ടി നാസര്‍, വൈസ് പ്രസിഡന്റ് ഖമറുന്നീസ, താനൂര്‍ ബ്ലോക്ക് പഞ്ചായത്തത്തംഗം ഷൗക്കത്ത്, ചെറിയമുണ്ടം പഞ്ചായത്തംഗം ഏനാത്ത് അസൈനാര്‍, തിരൂര്‍ നഗരസഭാ കൗണ്‍സിലര്‍ യാസര്‍ പയ്യോളി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇര്‍ഷാദ്, സ്ഥലം സൗജന്യമായി നല്‍കിയ ഭൂവുടമ കുറ്റിപുലാക്കല്‍ മുഹമ്മദ് ഹാജി, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

