കേരള സര്‍വകലാശാലയില്‍ വിസിയുടെ പ്രതികാര നടപടി; യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചു

കേരള സര്‍വകലാശാലയില്‍ വിസിയുടെ പ്രതികാര നടപടി. യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഇതോടെ നിലവിലെ യൂണിയന്‍ അസാധുവാകും. വിസിയുടെ നീക്കം കലോത്സവം തടയാന്‍ എന്ന് എസ്എഫ്‌ഐ. കലോത്സവ, സ്‌പോര്‍ട്‌സ് മീറ്റ് ഫണ്ടുകള്‍ അനുവദിക്കാത്ത വിസിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാസം 28 വരെയായിരുന്നു യൂണിയന്റെ കാലാവധി. വിസിയുടെ നീക്കം കലോത്സവം തടയാന്‍ എന്ന് എസ്എഫ്‌ഐ ആരോപിച്ചു.

മോഹനനന്‍ കുന്നുമ്മല്‍ എന്ന വിസി ഇന്നിരിക്കുന്ന സ്ഥാനത്തോട് നീതി പുരലര്‍ത്താത്തയാളാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. ജനാധിപത്യപരമായി വിദ്യാര്‍ഥികള്‍ തിരഞ്ഞെടുത്ത യൂണിയനെ ജനാധിപത്യ വിരുദ്ധമായി ഇന്നിപ്പോള്‍ തള്ളിയിരിക്കുകയാണ്. അതിന്റെ അവകാശങ്ങള്‍ റദ്ദ് ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഇത് ആദ്യത്തെ സംഭവമല്ല. ഇത് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ അവകാശത്തെ നിഷേധിക്കലാണ്. കെഎസ്‌യു, എംഎസ്എഫ് അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ല. സമരം മുന്നോട്ട് കൊണ്ടുപോകും. നിയമനടപടി ആലോചിക്കും – അദ്ദേഹം പറഞ്ഞു.
കലോത്സവം അടക്കം തടഞ്ഞ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു. കേരള സര്‍വകലാശാലയിലേക്ക് നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കാലാവധി അവസാനിക്കാനിരിക്കുന്ന യൂണിയനെ സര്‍വകലാശാല കലോത്സവം നടത്താന്‍ അനുവദിക്കാത്ത വിസിയുടെ നടപടിക്കെതിരെയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഇതിനൊപ്പം കായിക വിദ്യാര്‍ഥികള്‍ക്കുള്ള ട്രാവലിംഗ് അലവന്‍സ് (TA) മാസങ്ങളായി കുടിശിക കിടക്കുന്ന വിഷയത്തിലും പ്രതിഷേധമുണ്ട്.
