AAK

RCB താരത്തിന്റെ വെടിക്കെട്ട്; രണ്ടാം ടി 20 യില്‍ ഇന്ത്യയെ തകര്‍ത്ത് ഓസീസ്


ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി 20 യില്‍ ഓസ്‌ട്രേലിയയ്ക്ക് 19 റണ്‍സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു.മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ആർസിബി താരം ജോർജിയ വോളിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ഓസീസിനെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 57 പന്തില്‍ ഒരു സിക്സും 11 ഫോറുമടക്കം 88 റണ്‍സെടുത്താണ് താരം പുറത്തായത്. സഹ ഓപ്പണർ ബേത്ത് മൂണിയും (39 പന്തില്‍ 46) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയ്ക്കായി അരുന്ധതി റെഡ്‌ഡി രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങില്‍ ഷെഫാലി വർമയും സ്മൃതി മന്ദാനയും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നാലെ ക്രീസിലെത്തിയവരില്‍ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനു മാത്രമാണ് പിടിച്ചുനില്‍ക്കാനാത്. ഷെഫാലി 23 പന്തില്‍ 29 റണ്‍സും മന്ദാന 24 പന്തില്‍ 31 റണ്‍സും എടുത്താണ് പുറത്തായത്. ഹർമൻപ്രീത് 36 റണ്‍സ് നേടി.
ഓസീസിനായി ആഷ്ലി ഗാർഡ്‌നർ മൂന്നു വിക്കറ്റും കിം ഗാർത്, അന്നാബെല്‍ സുതർലാൻഡ്, സോഫി മൊളിനോക്സ് എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായി. ആദ്യ മത്സരം ഇന്ത്യ 21 റണ്‍സിന് ജയിച്ചിരുന്നു.

1 st paragraph