ആരോഗ്യ സേവനങ്ങൾ വിരൽ തുമ്പിൽ സാധ്യമാക്കി നിലമ്പൂർ ജില്ലാശുപത്രി

ആരോഗ്യ സേവനങ്ങൾ വിരൽ തുമ്പിൽ സാധ്യമാക്കി നിലമ്പൂർ ജില്ലാ ആശുപത്രി. വീട്ടിലിരുന്ന് ഓണ്‍ലൈനായി ഒ.പി ടിക്കറ്റും ആശുപത്രി അപ്പോയിന്റ്മെന്റുമെടുക്കാൻ കഴിയുന്ന ഇ ഹെല്‍ത്ത് സംവിധാനം ഇനി നിലമ്പൂർ ജില്ലാശുപത്രിയിലും സാധ്യമാകുകയാണ്.

പ്ലാൻ ഫണ്ട് 86 ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഈ സംവിധാനം ഒരുക്കിയിട്ടുളളത്. ഇ ഹെൽത്ത് പദ്ധതി പ്രകാരം ഫലപ്രദമായ ഓൺലൈൻ ക്യൂ മാനേജ്മെന്റ് സംവിധാനം വഴി ആശുപത്രികളിലെ തിരക്കും മറ്റു ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സാധിക്കും. ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭ്യമാകും. ഒ പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവ പ്രിന്റെടുക്കാനും ഇതുവഴി കഴിയും. ഇതിലൂടെ അവരവരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാന്‍ സാധിക്കും. മാത്രമല്ല ആശുപത്രികളിലെ ക്യൂവും ഒഴിവാക്കാം. സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനം ഉപയോഗപ്പെടുത്താം.
ഏത് ആശുപത്രിയിൽ പോയാലും പഴയ ചികിത്സാ ചരിത്രം ഡോക്ടർക്ക് പരിശോധിക്കാനാകും. യുനീക് ഹെൽത്ത് ഐഡി വഴി ഇ-ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒ.ടി.പി വരും. ഈ ഒ.ടി.പി നൽകി ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ്വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്മെന്റ് എടുക്കാൻ സാധിക്കും.

അപ്പോയ്മെന്റ് എടുക്കുന്നതിനു വേണ്ടി ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ്സ്വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്മെന്റ് ക്ലിക്ക് ചെയ്യുക. റഫറൽ ആണെങ്കിൽ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്മെന്റും തിരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്മെന്റ്ന് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ ദൃശ്യമാകും. രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കൺ എടുക്കാം. തുടർന്ന് ടോക്കൺ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കൺ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കും.ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും.
സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കുക.
