അധ്യാപകരെ സ്ഥലം മാറ്റി തട്ടിക്കളിക്കുന്ന നടപടി അംഗീകരിക്കാനാകില്ല:എഫ് എച് എസ് ടി എ

മലപ്പുറം: ഹയർ സെക്കണ്ടറി പരീക്ഷാ ജോലികൾ ആരംഭിച്ച ശേഷം പരീക്ഷാ ജോലി ചെയ്യുന്ന അധ്യാപകരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി തട്ടിക്കളിക്കുന്ന മലപ്പുറം റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ .

വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി പരീക്ഷാ വിഭാഗം ജോയൻ്റ് സെക്രട്ടറി നിയമിച്ച പ്രകാരം മാതൃവിദ്യാലയങ്ങളിൽ നിന്ന് വിടുതൽ ചെയ്ത അധ്യാപകരെ പരീക്ഷ ആരംഭിച്ച ശേഷം മറ്റു സ്ഥലങ്ങളിലേക്ക് നിർബന്ധിതമായി മാറ്റുന്ന നടപടി കേട്ടുകേൾവി ഇല്ലാത്തതാണ്.ഇന്നു നടക്കുന്ന പരീക്ഷക്ക് മറ്റു വിദ്യാലയങ്ങളിൽ ഹാജരാവാൻ ആവശ്യപ്പെട്ട് 19 അധ്യാപകരെയാണ് ഇത്തരത്തിൽ നിർബന്ധിതമായി മാറ്റിയിരിക്കുന്നത്.
വകുപ്പ് നിർദ്ദേശിച്ച പ്രകാരം ഓപ്ഷൻ നൽകി പരീക്ഷാ ഡ്യൂട്ടി ലഭിച്ച ശാരീരിക അവശതകൾ നേരിടുന്ന അധ്യാപകരെപ്പോലും ഇത്തരത്തിൽ നിർബന്ധപൂർവ്വം മാറ്റിയ നടപടി തികഞ്ഞ കാടത്തമാണ്. പരീക്ഷാ വിഭാഗം ജോയിൻ്റ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം പരീക്ഷാ ജോലിയിൽ പ്രവേശിച്ച അധ്യാപകരെ നിർബന്ധപൂർവ്വം മാറ്റി തട്ടിക്കളിക്കുമ്പോൾ ഓപ്ഷൻ സംവിധാനം പ്രഹസനമാവുകയാണ്.

അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ ജോലിക്ക് നിയോഗിക്കപ്പെട്ട അധ്യാപകരെ അവിടെ നിന്നും പിൻവലിക്കുന്നത് അത്തരം വിദ്യാലയങ്ങളുടെ സമ്മർദ്ദപ്രകാരമാണോ എന്നു സംശയിക്കുന്നതായും സർക്കാർ – എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും ഒരാളെപ്പോലും മാറ്റി നിയമിക്കാത്തത് ഇത്തരം സംശയം ബലപ്പെടുത്തുന്നതായും സംഘടന ആരോപിച്ചു. കേവലം 19 പേരെ മാത്രം സ്കൂളുകൾ മാറ്റി നിയമിച്ചാൽ ജില്ലയിലെ അധ്യാപക ക്ഷാമം തീരുന്നതല്ല . ഓപ്പൺ സ്കൂൾ അടക്കമുള്ള വിദ്യാർത്ഥികളുടെ പരീക്ഷകൾ നടത്താൻ ഹയർ സെക്കണ്ടറി അധ്യാപകർ മാത്രം തികയില്ലെന്നിരിക്കെ SSLC ഡ്യൂട്ടി ഇല്ലാത്ത ഹൈസ്കൂൾ , പ്രൈമറി അധ്യാപകരെ ഹയർ സെക്കണ്ടറി ഡ്യൂട്ടിക്കായി നിയമിച്ചിരുന്നു . ഇതിനായി പരീക്ഷാ ടൈം ടേബിൾ വരെ വിദ്യാഭ്യാസ വകുപ്പ് പുന: ക്രമീകരിച്ചു നൽകിയിരുന്നു.
പരീക്ഷാ ജോലികൾ ആരംഭിച്ച ശേഷംഅനാവശ്യവും നിയമവിരുദ്ധവുമായ കീഴ് വഴക്കങ്ങൾ കൊണ്ടു വരാൻ അധ്യാപകരെ യാതൊരു തത്വദീക്ഷയുമില്ലാതെ നിർബന്ധിതമായി മാറ്റി തട്ടിക്കളിക്കുന്ന നടപടി പിൻവലിക്കണമെന്നും , പരീക്ഷാ ഡ്യൂട്ടി നൽകുന്നതിൽ വന്ന അപാകത മറക്കാൻ അധ്യാപകരെ പന്താടുന്ന നടപടി അനുവദിക്കില്ലെന്നും എഫ് എച്ച് എസ് എസ് ടി എ നേതൃത്വം അറിയിച്ചു. ജില്ലാ ചെയർമാൻ മുഹമ്മദ് അഷ്റഫ് , കൺവീനർ കെ ടി ഉമ്മർ , സംസ്ഥാന നേതാക്കളായ ഒ ഷൗക്കത്തലി, കെ സിജു , ടി എസ് ഡാനിഷ് , മനോജ് ജോസ് , കെ എ അഫ്സൽ , യു ടി അബൂബക്കർ , സനോജ് കെ , രഞ്ജിത് വി കെ , കെ ശ്രീകാന്ത് , ജാഫർ എം ,പ്രദീപ് കുമാർ , ജിതേഷ് കെ , ഡോ. പ്രവീൺ എ. സി എന്നിവർ സംസാരിച്ചു.
