പ്രവാസികള്‍ക്ക് ഒരു കോടി രൂപ വരെയുളള പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്

പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എൻറോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും തുടക്കമായി. മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മലപ്പുറം നോർക്ക സെല്ലിൽ പദ്ധതിയുടെ ഉദ്ഘാടനം നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. നോര്‍ക്ക കെയര്‍ കൂടുതല്‍ സ്ലാബുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കണമെന്ന് പ്രവാസി സമൂഹം ആവശ്യപ്പെട്ടതനുസരിച്ചാണ് നോര്‍ക്ക കെയര്‍ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
നോർക്ക കെയർ പ്ലസ് മൊബൈൽ ആപ്ലിക്കേഷനുകളുടെ ലോഞ്ചിങ്ങും അദ്ദേഹം നിർവഹിച്ചു.

ലോകത്ത് പ്രവാസിസമൂഹത്തിനായുളള ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതിയാണ് നോര്‍ക്ക കെയറെന്ന് ചടങ്ങില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ച്ച് സംസാരിച്ച നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കൊളശ്ശേരി അഭിപ്രായപ്പെട്ടു.
നോര്‍ക്ക കെയര്‍ നിലവില്‍ വന്ന് നാലു മാസങ്ങള്‍ക്കകം പതിനായിരത്തോളം പോളിസി ഉടമകള്‍ക്കായി ഇതുവരെ 88 കോടി രൂപയിലധികം ക്ലെയിമിനത്തില്‍ നല്‍കാനായി. 18 മുതല്‍ 70 വയസ്സുവരെയുളള സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡിയോ സ്റ്റുഡന്റ് ഐ.ഡിയോ എന്‍.ആര്.കെ ഐ.ഡിയോ ഉളള പ്രവാസി കേരളീയര്‍ക്കാണ് എൻറോള്‍ ചെയ്യാനാകുക.
2025 സെപ്റ്റംബർ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച നോര്‍ക്ക കെയര്‍ ആദ്യഘട്ട എൻറോള്‍മെന്റില്‍ 1,32,000 പ്രവാസി കേരളീയ കുടുംബങ്ങളാണ് എൻറോള്‍ ചെയ്തത്.

നോർക്ക കെയർ പ്ലസ്
നോർക്ക കെയറിന്റെ വിപുലീകരിച്ച പദ്ധതിയാണ് നോർക്ക കെയർ പ്ലസ്.
പ്രവാസികള്‍ക്ക് ഒരു കോടി രൂപ വരെയുള്ള പരിരക്ഷയുമായാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള പോളിസികളില്‍ പോളിസി ഉടമയുടെ ഭാര്യയുടെയോ ഭർത്താവിന്റെയോ 80 വയസുവരെയുളള മാതാപിതാക്കളെയും ഉള്‍പ്പെടുത്താനാകും. നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് സന്ദര്‍ശിച്ചോ (www.norkaroots.kerala.gov.in) നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ (ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍) വഴിയോ 2026 ഏപ്രില്‍ 12 വരെ എൻറോൾ ചെയ്യാം.
ഈ കാലയളവില്‍ എൻറോൾ ചെയ്യുന്നവര്‍ക്ക് 2026 ഏപ്രിൽ 15 മുതല്‍ 2027 ഏപ്രിൽ 14 വരെ ഒരു വര്‍ഷത്തേയ്ക്കാണ് പോളിസി കാലയളവ്. മാർച്ച് 12 മുതൽ ഏപ്രിൽ 12 വരെ ആണ് രജിസ്ട്രേഷൻ നടത്താൻ ഉള്ള കാലയളവ്. അഞ്ചു ലക്ഷം, 10 ലക്ഷം,15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം ഒരു കോടി രൂപ എന്നിങ്ങനെയുളള എ ഏഴ് വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി. നിലവില്‍ നോര്‍ക്ക കെയറില്‍ അംഗമായവര്‍ക്കും നോര്‍ക്ക കെയര്‍ പ്ലസ്സില്‍ (10 ലക്ഷമോ അതിന് മുകളിലോ) ചേരാനാകും. നിലവിൽ രോഗങ്ങൾ ഉള്ളവർക്കും പദ്ധതിയിൽ അംഗമാകാം. കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസി കേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. 18 മുതൽ 70 വയസ് വരെ പ്രായം ഉള്ളവർക്ക് പദ്ധതിയിൽ അംഗം ആകാൻ അവസരമുണ്ട്.
മലപ്പുറം നോര്‍ക്ക സെല്ലില്‍ നടന്ന ചടങ്ങില്‍ നോർക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ഉല്ലാസ് കൃഷ്ണൻ ഓൺലൈൻ ആയി സ്വാഗതവും നോർക്ക റൂട്സ് കോഴിക്കോട് സെന്റർ മാനേജർ സി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
