റേഷന്‍ വാങ്ങാന്‍ ആദിവാസി കുടുംബങ്ങൾ ഇനി കാടിറങ്ങേണ്ട; സഞ്ചരിക്കുന്ന റേഷന്‍ കട ഉദ്ഘാടനം ചെയ്തു

വനത്തിനുള്ളില്‍ ആദിവാസി കുടുംബങ്ങള്‍ കഴിയുന്ന നാല് ഉന്നതികളിലേക്കുള്ള സഞ്ചരിക്കുന്ന റേഷന്‍ കട ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി.ആര്‍. അനില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. സഞ്ചരിക്കുന്ന റേഷന്‍ കട ഫ്ലാഗ് ഓഫ് ചെയ്തു. പോത്തുകൽ പഞ്ചായത്തിലെ ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയമ്പുഴ, കുമ്പളപ്പാറ എന്നീ ഉന്നതികളിലെ 130 കുടുംബങ്ങള്‍ക്കാണ് സഞ്ചരിക്കുന്ന റേഷന്‍ കട സഹായകരമാവുക.

ഒറ്റപ്പെട്ടതും യാത്രാ സൗകര്യങ്ങള്‍ കുറവുള്ളതുമായ പ്രദേശങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കുന്നതിനായാണ് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. പകല്‍പോലും കാട്ടാനകള്‍ മേയുന്ന കാട്ടിലൂടെ വളരെ കഷ്ടപ്പെട്ടാണ് ആദിവാസികള്‍ റേഷന്‍ വാങ്ങാന്‍ കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചിരുന്നത്. കുമ്പളപ്പാറ ഉന്നതിയിലെ കുടുംബങ്ങള്‍ 10 കിലോ മീറ്റര്‍ ദൂരം കാല്‍ നടയായി സഞ്ചരിച്ചുവേണം മുണ്ടേരിയിലെ റേഷന്‍ കടയിലെത്താന്‍. സഞ്ചരിക്കുന്ന റേഷന്‍ കട സജ്ജമാകുന്നതോടെ ഇവരുടെ കഷ്ടപ്പാടിന് അറുതിയാവും.
ചടങ്ങില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം വി. രമേശന്‍, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ്, പോത്തുക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷറഫുന്നിസ, മെമ്പര്‍മാരായ പി. മാധവന്‍, അനില്‍കുമാര്‍, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ടി. അജിത്കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എ.എസ്. ബീന, നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ വി.പി. ബാലകൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശേഷം ആദിവാസി കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സാധനങ്ങളുടെ വിതരണവും നടന്നു.

