AAK

എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ല; വായ്പ അടയ്ക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് ബാങ്ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക്. മാര്‍ച്ച് 31-നകം ബാങ്ക് വായ്പ കുടിശ്ശിക മുഴുവന്‍ അടച്ചുതീര്‍ക്കുമെന്ന് മുനീറിന്റെ കുടുംബം ഉറപ്പുനല്‍കിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 31-നകം കുടിശ്ശിക അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് സഹകരണ ബാങ്ക് നോട്ടീസയച്ചിരുന്നു. കോഴിക്കോട് നടക്കാവിലുളള ക്രസന്റ് ഹൗസിനാണ് ജപ്തി സംബന്ധിച്ച നോട്ടീസ് ലഭിച്ചത്.

1 st paragraph

വീട് നവീകരണത്തിനായി ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് മുനീര്‍ 35 ലക്ഷം രൂപയുടെ വായ്പ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ അത് പലിശയടക്കം 58 ലക്ഷം രൂപയായി. ഒരുതവണ ബാങ്ക് വായ്പ പുതുക്കി നല്‍കിയിരുന്നു. അതിനുശേഷം ഒരിക്കല്‍പ്പോലും തിരിച്ചടവുണ്ടായില്ല. നിരവധി തവണ ബാങ്ക് അധികൃതര്‍ നോട്ടീസയച്ചു. നിലവില്‍ വായ്പ അടയ്ക്കാന്‍ മുനീറിന്റെ കുടുംബം സന്നദ്ധത അറിയിച്ചിട്ടുണ്ട്. പരമാവധി ഇളവ് വേണമെന്നും ബാങ്ക് അധികൃതരോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് വായ്പ കുടിശ്ശിക 49 ലക്ഷമായി കുറച്ചു. ആ തുക മാര്‍ച്ച് 31-നകം അടച്ചുതീര്‍ക്കുമെന്നാണ് ബാങ്കിന് ലഭിച്ചിരിക്കുന്ന ഉറപ്പ്.

വീടിന്റെ ജപ്തി തന്റെ വ്യക്തിപരമായ കാര്യമാണെന്നും അത്തരം കാര്യങ്ങളില്‍ പാര്‍ട്ടിയോട് സഹായം തേടാറില്ലെന്നും എം കെ മുനീര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജപ്തിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘വീട് പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് വായ്പ എടുത്തത്. അത് വിചാരിച്ചതുപോലെ തിരിച്ചടയ്ക്കാന്‍ പറ്റിയില്ല. പ്രതീക്ഷിച്ച രീതിയില്‍ സാമ്പത്തികമുണ്ടായില്ല. ജാഫര്‍ഖാന്‍ കോളനിയിലെ ഒരു വീട് വിറ്റ് ഒരുഭാഗം അടച്ചു. ബാങ്ക് പരമാവധി സമയം നീട്ടിനല്‍കിയിരുന്നു. ഇനി വില്‍ക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ട് മറ്റ് മാര്‍ഗങ്ങള്‍ നോക്കണം. ആരെയും ദ്രോഹിച്ചിട്ടില്ല. എന്തെങ്കിലും മാര്‍ഗമുണ്ടാകും. വ്യക്തിപരമായ കാര്യങ്ങളില്‍ പാര്‍ട്ടിയോട് സഹായം ചോദിക്കാറില്ല. നേതൃത്വം വിളിച്ചിരുന്നു. ഓരോ വ്യക്തികളുടെയും ബാധ്യത പാര്‍ട്ടി ഏറ്റെടുക്കാന്‍ നിന്നാല്‍ അത് ശരിയാവില്ലല്ലോ’ എന്നാണ് എം കെ മുനീര്‍ പറഞ്ഞത്. മുനീറിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ സി എച്ച് മുഹമ്മദ് കോയ താമസിച്ച വീടാണ് ജപ്തി ഭീഷണിയിലായത്.

2nd paragraph