താനൂർ ബോട്ടപകടം: കുന്നുമ്മൽ കുടുംബാംഗങ്ങളുടെ ഖബറിടം സന്ദർശിച്ച് കുറുക്കോളി മൊയ്തീൻ

താനൂർ ബോട്ടപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ കുടുംബത്തിലെ 11 പേരുടെ ഖബറിടം സന്ദർശിച്ച് തിരൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ പ്രാർത്ഥന നടത്തി.
അപകടത്തിൽ മരിച്ചവർ അന്ത്യവിശ്രമം കൊള്ളുന്ന അരയൻകടപ്പുറം ഖബർസ്ഥാനിലെത്തിയാണ് അദ്ദേഹം പ്രാർത്ഥന നടത്തിയത്. ഖബർസ്ഥാൻ സന്ദർശിക്കുന്നതിന് മുന്നോടിയായി അദ്ദേഹം കുന്നുമ്മൽ കുടുംബാംഗങ്ങളുടെ വീടുകളിലെത്തുകയും ബന്ധുക്കളെ കണ്ട് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.

കേരളത്തെ നടുക്കിയ താനൂർ തൂവൽതീരം ബോട്ടപകടത്തിൽ ഒരു കുടുംബത്തിലെ 11 പേരെയായിരുന്നു കടപ്പുറത്തിന് നഷ്ടമായത്. ഇവരെ ഒരേ ഖബർസ്ഥാനിൽ അടുത്തടുത്തായാണ് ഖബറടക്കിയിരിക്കുന്നത്. ദുരന്തബാധിത കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതിനൊപ്പം, അപകടത്തിൽപ്പെട്ടവരുടെ സ്മരണ പുതുക്കാനുമാണ് സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
