‘മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കരാറുകളും പണമിടപാടും അന്വേഷിക്കണം, കായികമന്ത്രിയുടേത് കപടത’; വിമർശനവുമായി നിയുക്ത എംഎൽഎമാർ

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കരാറുകളും പണമിടപാടും അന്വേഷിക്കണമെന്ന് നിയുക്ത എംഎൽഎ പികെ ഫിറോസ് . ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണികൾക്കായി നൽകിയ കലൂർ സ്റ്റേഡിയത്തെ പൂർണമായും തകർത്ത് തരിപ്പണമാക്കിയെന്നും, യുഡിഎഫിലെ നിയുക്ത യുവ എംഎൽഎ പി കെ ഫിറോസ് പറഞ്ഞു.

സംസ്ഥാന സർക്കാരാണ് മെസി വരുമെന്ന് ജനങ്ങൾക്ക് വാക്കുനൽകിയത്. അതിന്റെ പേരിൽ ഒരു സ്പോൺസർ വരുന്നു. 100-150 കോടി പണമിടപാടുകൾ ഉണ്ടാകുന്നു. പിന്നീടാണ് അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുന്നില്ലെന്ന് പറയുന്നു അപ്പോൾ ഇതൊക്കെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. എന്തൊക്കെ പണമിടപാട് ഉണ്ടായെന്ന് അന്വേഷിക്കണം. സ്റ്റേഡിയം ഒരു കമ്പനിയ്ക്ക് അറ്റകുറ്റപ്പണികൾക്കായി നൽകുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്? ഇതൊക്കെ വിവാദമായപ്പോഴാണ് ഒരു കരാർ പോലും അവർ ഉണ്ടാക്കിയത്. ഒരു നിയമസഭാ അംഗമെന്ന നിലയിൽ സഭയിൽ ഏതെങ്കിലും ഒരു സമയത്ത് അവസരം കിട്ടിയാൽ താൻ തന്നെ ഇക്കാര്യം മുന്നോട്ട് വെക്കുമെന്ന് പി കെ ഫിറോസ് എം എൽ എ പറഞ്ഞു.
അതേസമയം, മെസി അറിഞ്ഞിട്ടില്ല ഇതൊന്നും നടന്നതെന്ന് പരിപാടിയിൽ പങ്കെടുത്ത താനൂരിലെ നിയുക്ത എംഎൽഎ പികെ നവാസ് പറഞ്ഞു. മെസിയെ കൊണ്ടുവരുമെന്ന് പറഞ്ഞ് കാണിച്ചത് ഒരു വിഭാഗത്തോടുള്ള വഞ്ചനയാണ്. ഇതിന് പിന്നിൽ ഒരു അജണ്ടയുണ്ടായിരുന്നു. കായികമന്ത്രിയുടെ നിയോജക മണ്ഡലത്തിൽപോലും കായികവകുപ്പുമായി ബന്ധപ്പെട്ട ഡെവലപ്മെന്റ്സ് നടന്നിട്ടില്ല. മന്ത്രിയ്ക്ക് ഉണ്ടായിരുന്നത് കപടതയായിരുന്നു. അത് തുറന്നുകാണിക്കാനാണ് അവസരമുണ്ടായത്. മെസി കേരളത്തിൽ വന്നത്കൊണ്ട് കേരളത്തിലെ കായിക പ്രവർത്തനങ്ങൾക്ക് മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല. ആവേശം ഉണ്ടാകും എന്നാൽ അടിസ്ഥാനപരമായ സൗകര്യങ്ങൾ നമ്മുടെ നാട്ടിൽ ഇല്ല. മെസിയ്ക്ക് കളിക്കാനായി ഒരു സ്റ്റേഡിയം പോലും ഇല്ലായെന്ന് മലയാളി തിരിച്ചറിഞ്ഞത് അദ്ദേഹം വരുന്നുവെന്ന് അറിഞ്ഞതിന് ശേഷമാണ് പി കെ നവാസ് എം എൽ എ വ്യക്തമാക്കി.
